ആചാരങ്ങൾ പരിഷ്കരിക്കണം: വെള്ളാപ്പള്ളി

Thursday 23 April 2026 12:49 AM IST

മാവേലിക്കര: ആചാരങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണെന്നും, അത് നടക്കാതിരിക്കുന്നതാണ് തൃശൂരിലേത് പോലുള്ള പല ദാരുണ സംഭവങ്ങൾക്കും കാരണമെന്നും എസ് .എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വരുമാനങ്ങൾ ആർഭാടങ്ങൾക്ക് ചെലവഴിക്കാതെ പാവപ്പെട്ട ഭക്തരെ സഹായിക്കാൻ ഉപയോഗിക്കണം. മാനവ സേവയാണ് ഈശ്വര സേവയെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ ആരാധനാലങ്ങളായിരിക്കും ഏറ്റവും മികച്ച ആതുരാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാവേലി​ക്കര ആഞ്ഞിലിപ്ര വടക്കൻ കോവിൽ ഭഗവതി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച ഭദ്രാദേവി ക്ഷേത്ര സമർപ്പണം നി​ർവഹി​ച്ച ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി​. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു. കിഴക്കമ്പല സമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശനും നമസ്കാര മണ്ഡപ സമർപ്പണം യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി​.ആനന്ദരാജും തിടപ്പള്ളി സമർപ്പണം എം.എസ്.എം കോളേജ് റി​ട്ട. പ്രിൻസിപ്പൽ പ്രൊഫ.വി.പ്രസാദും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസൂദനൻ, തന്ത്രി വാമനൻ നമ്പൂതിരി എന്നി​വർ മുഖ്യാതി​ഥി​കളായി​. ഉദയൻ പാറ്റൂർ, രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ,കെ.ജി. അച്ചൻകുഞ്ഞ് എന്നിവർ സംസാരി​ച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ആർ.ഗോപിനാഥ് സ്വാഗതവും യു.ശ്രീകുമാർ നന്ദി​യും പറഞ്ഞു.