ശോഭാ സുരേന്ദ്രനെതിരായ പരാതി; കളക്‌ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Thursday 23 April 2026 10:24 AM IST

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുവേണ്ടി വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്‌ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് കളക്‌ടർ റിപ്പോർട്ട് സമർപ്പിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്‌ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനാഫലവും റിപ്പോർട്ടിനൊപ്പം സമ‌ർപ്പിക്കും.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിലെ തിരുവാക്കുറിശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്‌ക്ക് ശോഭയ്‌ക്കൊപ്പം കാറിൽ സഞ്ചരിച്ച യുവതി പണം നൽകിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പണം ലഭിച്ചതായി വയോധിക ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. പണം കൈമാറിയത് ചോദ്യം ചെയ്‌തവരോട് ശോഭ സുരേന്ദ്രനും കൂടെയുണ്ടായിരുന്നവരും തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

എന്നാൽ, തനിക്കൊപ്പം അങ്ങനൊരു സ്‌ത്രീ സഞ്ചരിച്ചിട്ടില്ലെന്നും വീഡിയോ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശോഭയുടെ വാദം. കാറിലുണ്ടായിരുന്നവർ തനിക്കെതിരെ ലൈംഗികചേഷ്‌ടകൾ കാണിച്ചതിനാലാണ് അവരോട് തട്ടികയറിയതെന്നായിരുന്നു ശോഭയുടെ വിശദീകരണം. ശോഭ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. പണം നൽകിയ സ്‌ത്രീ ശോഭയ്‌ക്കൊപ്പം വിവിധയിടങ്ങളിൽ പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ട്.

പണം നൽകി വോട്ട് പിടിക്കാനുള്ള ശ്രമം പലയിടങ്ങളിലും ബിജെപി നടത്തുന്നുണ്ടെന്ന് നേരത്തെതന്നെ കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. കണ്ണാടി പഞ്ചായത്തിലെ വോട്ടർമാർക്ക് പണവും പിരാരിയിലെ വോട്ടർമാർക്ക് സാരിയും നൽകിയെന്നാണ് ആരോപണം.