ഹോട്ടൽ സാധനങ്ങൾ മോഷ്‌ടിച്ച് ലഗേജിലാക്കി; ഇന്ത്യൻ സഞ്ചാരികളെ കൈയോടെ പിടികൂടി ജീവനക്കാർ

Thursday 23 April 2026 11:20 AM IST

റിസോർട്ടിലെ മുറിയിൽ നിന്ന് ഹോട്ടൽസാധനങ്ങൾ മോഷ്‌ടിച്ച ഇന്ത്യൻ വിനോദ സഞ്ചാരികളെ കൈയോടെ പിടികൂടി ജീവനക്കാർ. ബാലിയിലെ ഗിയാൻയാർ റീജൻസിയിൽ സ്ഥിതിചെയ്യുന്ന ഉബുദിലെ റിസോർട്ടിൽ ഏപ്രിൽ 19 നായിരുന്നു സംഭവം. ഇവിടെ മുറിയെടുത്ത് താമസിച്ച നാല് ഇന്ത്യൻ വിനോദസഞ്ചാരികളെയാണ് ജീവനക്കാർ പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിനോദസഞ്ചാരികൾ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്‌ത സമയത്ത് ജീവനക്കാർ അവരുടെ ലഗേജ് പരിശോധിക്കുകയായിരുന്നു. ലഗേജിനുള്ളിൽ നിന്നും കണ്ടെത്തിയ ഹോട്ടൽ സാധനങ്ങൾ സമീപത്ത് മാറ്റി വച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ചില സാധനങ്ങൾ നഷ്‌ടപ്പെട്ടതായി ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് ലഗേജുകൾ പരിശോധിച്ചത്. ടവലുകൾ, ഹെയർ ഡ്രയർ, കിമോണോ വസ്ത്രങ്ങൾ, ഡോർമാറ്റ്, ഒരു ടിവി റിമോട്ട് ബോക്സ്, ഡൈനിംഗ് പാത്രങ്ങൾ എന്നിവ പാക്ക്‌ ചെയ്‌ത നിലയിലാണ് സഞ്ചാരികളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്.

അതേസമയം, വിനോദ സഞ്ചാരികൾ സാധനങ്ങൾ തിരികെ നൽകിയെന്നും പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും ഗിയാൻയാർ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഹോട്ടൽ മാനേജ്മെന്റിന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സഞ്ചാരികൾക്കെതിരെ കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇന്ത്യക്കാർക്ക് മുഴുവൻ അപമാനമാണ് ഇത്തരക്കാരെന്നും സോഷ്യൽ മീഡിയ പറയുന്നു.