കരിമതച്ചിറ പുനർനിർമ്മാണം പാതിവഴിയിൽ; കുടിവെള്ളവും കൃഷിയും പ്രതിസന്ധിയിൽ
നിർമ്മാണത്തിൽ അപാകതയും തർക്കവും
തിരുമാറാടി: നിർമ്മാണത്തിലെ അപാകതകളെയും ഷട്ടർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെയും തുടർന്ന് തിരുമാറാടി കരിമതച്ചിറയുടെ പുനർനിർമ്മാണം നിലച്ചു. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ളവും കാർഷിക ആവശ്യങ്ങളും പ്രതിസന്ധിയിലായി. 1.4 കോടി രൂപ വകയിരുത്തിയാണ് സർക്കാർ ചിറയുടെ പുനർനിർമ്മാണത്തിന് അനുമതി നൽകിയത്. തുടക്കത്തിൽ മെറ്റാലിക് ഷട്ടർ സ്ഥാപിക്കാനായിരുന്നു മൈനർ ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം. എന്നാൽ, ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് ചിറയുടെ മുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ പാലം വേണമെന്ന് നാട്ടുകാർ നിവേദനം നൽകി. ഇതിനായി ഫണ്ട് തികയാതെ വന്നതോടെ പദ്ധതിയിലുണ്ടായിരുന്ന മെറ്റാലിക് ഷട്ടർ ഒഴിവാക്കുകയും ആ തുക കൂടി വകയിരുത്തി പാലത്തിന് വീതി കൂട്ടുകയുമായിരുന്നു.
മെറ്റാലിക് ഷട്ടർ വേണമെന്ന് ആവശ്യം
മെറ്റാലിക് ഷട്ടറിന് പകരം ഫൈബർ ഷട്ടർ സ്ഥാപിച്ച് വെള്ളം കെട്ടിനിറുത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് ഭരണസമിതി മൈനർ ഇറിഗേഷൻ വകുപ്പിന് കത്തുനൽകിയിരുന്നു. എന്നാൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഒരുവിഭാഗം നാട്ടുകാർ മെറ്റാലിക് ഷട്ടർ തന്നെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. തർക്കം രൂക്ഷമായതോടെ നിലവിൽ താത്കാലിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കരാറുകാരൻ ഇവിടെ വെള്ളം കെട്ടിനിറുത്തിയിരിക്കുന്നത്.
പ്രധാന കുടിവെള്ള സ്രോതസ്
പാലത്തിന്റെ കൈവരി, റാംപ് എന്നിവയുടെ നിർമ്മാണ ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. തിരുമാറാടി പഞ്ചായത്തിലെ 12, 13, 14, 15 വാർഡുകളിലെ ഇരുന്നൂറ്റിയമ്പതോളം കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസാണ് കരിമതച്ചിറ. മേഖലയിലെ 75 ഹെക്ടറോളം വരുന്ന കൃഷിയും ഈ ചിറയെ ആശ്രയിച്ചിരിക്കുന്നു. വേനൽ കടുക്കുന്നതിന് മുൻപായി അധികൃതർ അടിയന്തരമായി ഇടപെട്ട് തർക്കങ്ങൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുരിതത്തിലായി 250 കുടുംബങ്ങളും 75 ഹെക്ടർ കൃഷിയും
ചിറ സന്ദർശിച്ചിരുന്നു. തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ കരിമതച്ചിറയുടെ നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിച്ച് നിർമ്മാണം ഉടനെ പൂർത്തിയാക്കും.
അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ