അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം: കാൽനാട്ടു കർമ്മം നടത്തി
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മേയ് 7 മുതൽ 14 വരെ നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സത്ര പന്തലിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന കാൽനാട്ട് കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിച്ചു. ഭാരതീയ ഇതിഹാസങ്ങളുമായി ഇഴചേർന്ന് കിടക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്നായ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ, ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായാണ് പന്തൽ കാൽനാട്ട് കർമ്മം നടന്നത്. തന്ത്രി താഴെമൺ മഠം കണ്ഠരരു മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നലെ രാവിലെ 10.30ന് ചടങ്ങുകൾ നടന്നു. മേൽശാന്തി മാവേലിക്കര കുന്നംതുരുത്തി ഇല്ലം നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. പഞ്ച ദിവ്യദേശാൻ ചെയർമാൻ അഡ്വ.ബി.രാധാകൃഷ്ണമേനോൻ, സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര നിർവഹണ സമിതി ജനറൽ കൺവീനർ മധു ജി.സോപാനം എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മേയ് 7മുതൽ 14 വരെയാണ് സത്രം നടക്കുന്നത്. ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന മഹാവിഷ്ണു സത്രത്തിന്റെ വിജയത്തിനായി ക്ഷേത്രത്തിലും പരിസരത്തുമായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. മതപരവും സാംസ്കാരികവുമായ നിരവധി പരിപാടികൾ സത്രത്തിന്റെ ഭാഗമായി എട്ട് ദിവസങ്ങളിലായി നടക്കും.