ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Friday 24 April 2026 1:42 AM IST

കോഴഞ്ചേരി: ചെങ്ങന്നൂർ - സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറെ ബസ് തടഞ്ഞു നിറുത്തി വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 10.30 ന് ആറന്മുള മാലക്കര ചക്കിട്ടപ്പടിയിലായിരുന്നു സംഭവം. ബസ് ഡ്രൈവർ മാലക്കര സ്വദേശി ശ്രീജീവനാണ് വെട്ടേറ്റത്. ബസിലെ യാത്രക്കാരുടെ മുന്നിൽ വച്ചായിരുന്നു സംഭവം. കൈക്കും തലയുടെ പിൻഭാഗത്തും മുഖത്തും ശ്രീജീവന് വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ ശ്രീജിത്ത് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആറന്മുള പൊലീസ് കെസെടുത്തു.