എയ്ഡഡ് കോളേജ് ജീവനക്കാരനെ തരംതാഴ്ത്താനുള്ള നീക്കത്തിന് സ്റ്റേ, സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധം

Friday 24 April 2026 12:25 AM IST

തിരുവനന്തപുരം : സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ജീവനക്കാനെ തരംതാഴ്ത്താനുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. വകുപ്പുതല പരീക്ഷയായ എം.ഒ.പി (മാന്വൽ ഓഫ് ഓഫീസ് പ്രോസീജേഴ്സ്) പാസായില്ലെന്ന കാരണത്താൽ ചെമ്പഴന്തി എസ്.എൻ.കോളേജിലെ ജൂനിയർ സൂപ്രണ്ട് അനീഷ് രാജ്.എം.എസിനെയാണ് തരംതാഴ്താത്താൻ ശ്രമിച്ചത്. 50വയസ് തികഞ്ഞ ജീവനക്കാരെ എം.ഒ.പിയുൾപ്പെടെയുള്ള എല്ലാ വകുപ്പുതല പരീക്ഷകളിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്നും എം.ഒ.പി പരീക്ഷ എയ്ഡഡ് കോളേജുകൾക്ക് ബാധകമല്ലെന്നും അനീഷ് രാജ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. 2025ഓഗസ്റ്റിലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ വകുപ്പുകളിലെ 10 ശതമാനം തസ്തിക മാറ്റ നിയമനങ്ങൾക്ക് മാത്രമാണ് എം.ഒ.പി പരീക്ഷ നിബന്ധന ബാധകമാക്കിയിട്ടുള്ളത്. എയ്ഡഡ് കോളേജുകൾക്ക് ഇത് ബാധകമല്ലാത്ത സാഹചര്യത്തിൽ ജൂനിയർ സൂപ്രണ്ടായി തനിക്ക് ലഭിച്ച സ്ഥാനക്കയറ്റം നിഷേധിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതർ ശ്രമിക്കുന്നത് നീതി നിഷേധമാണെന്നും ഹർജിയിൽ ഉന്നയിച്ചു. ഇതോടെയാണ് സംസ്ഥാനത്തെ എയ്ഡഡ് കോളേജ് ജീവനക്കാരെ ബാധിക്കുന്ന വിഷയത്തിൽ ജസ്റ്റിസ് വിജു എബ്രഹാം മൂന്നുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്. സർക്കാരിന് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകി. എം.ഒ.പി പരീക്ഷയുടെ പേരിൽ വകുപ്പിൽ വ്യാപകമായ വിവേചനം നടക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. 2021ൽ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ഉൾപ്പെടെ പരീക്ഷ പാസായില്ലെന്ന കാരണത്താൽ പെൻഷൻ ആനുകൂല്യങ്ങൾ വരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പരാതികളുണ്ട്.