ഉഷ്ണ തരംഗം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം

Friday 24 April 2026 12:49 AM IST

കൊല്ലം: ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ തൊഴിൽ വകുപ്പിന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാനായ കളക്ടർ എൻ ദേവീദാസ് നിർദ്ദേശങ്ങൾ നൽകി. തൊഴിൽ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണം.

 അന്യസംസ്ഥാന തൊഴിലാളികളെ ഉഷ്ണസമയത്ത് പണിയെടുപ്പിക്കരുത്

 മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവരിലേക്കും എത്തിക്കണം

 വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും വായുസഞ്ചാരം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഉറപ്പാക്കണം

 സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ കടകളിലെ തൊഴിലാളികളുടെ ഉൾപ്പെടെ സുരക്ഷ മുൻനിറുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം

 ഹോട്ടലുകളിൽ വെയിറ്റ് ചെയ്യേണ്ടി വരുന്ന ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കണം

 ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള താത്കാാലിക സൗകര്യങ്ങൾ ഒരുക്കണം

 ഓൺലൈൻ വിതരണ തൊഴിലാളികൾക്ക് സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാർക്ക് റെസ്റ്റോറന്റുകളുടെ സമീപത്തും തണലുള്ളിടത്ത് വിശ്രമസൗകര്യം ഒരുക്കണം

 തൊഴിലാളികൾക്ക് യൂണിഫോമിൽ ഉൾപ്പെടെ ഇളവുകൾ നൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം