കൊച്ചിയിൽ ബ്ളാസ്റ്റേഴ്സിന്റെ ഗോൾ സ്ഫോടനം

Friday 24 April 2026 12:52 AM IST

2-1ന് ഒഡിഷ എഫ്.സിയെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്

കൊച്ചി : ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഒഡിഷ എഫ്.സിക്കെതിരെ അതിഗംഭീര വിജയം നേടി കേരള ബ്ളാസ്റ്റേഴ്സ്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരം അവസാനിക്കാൻ മിനിട്ടുകൾക്ക് മുമ്പുവരെ 1-1ന് സമനിലയിലായിരുന്ന ബ്ളാസ്റ്റേഴ്സ് ഇൻജുറി ടൈമിൽ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളിന് 2-1ന്റെ വിജയം ആഘോഷിച്ചു. ഈ ഗോളിന് പിന്നാലെ ഒരു തവണകൂടി ബ്ളാസ്റ്റേഴ്സ് വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.12-ാംമിനിട്ടിൽ വിക്ടർ ബർത്തോമിയോയിലൂടെ ബ്ളാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്.

മത്സരത്തിന്റെ 12-ാം മിനിട്ടിൽ തന്നെ സ്പാനിഷ് താരം വിക്ടർ ബെർതമ്യൂവിലൂടെ മുന്നിലെത്താനായത് ബ്ളാസ്റ്റേഴ്സിന് ആവേശം പകർന്നു. ഫ്രഞ്ച് മിഡ് ഫീൽഡർ കെവിൻ യോക്കെയിൽ നിന്ന് ലഭിച്ച പന്തുമായി ഒഡിഷ ബോക്സിലേക്ക് കടന്നുകയറി പ്രതിരോധം മറികടന്നാണ് വിക്ടർ ഒഡീഷയുടെ വലകുലുക്കിയത്. എന്നാൽ ഈ ആഹ്ളാദം അധികം നീണ്ടുനിന്നില്ല. 27-ാം മിനിട്ടിൽ റഹിം അലിയിലൂടെ ഒഡിഷ സമനില പിടിച്ചു. 37-ാം മിനിട്ടിൽ വീണ്ടും ലീഡെടുക്കാൻ ബ്ളാസ്റ്റേഴ്സിന് നല്ലൊരവസരം ലഭിച്ചെങ്കിലും ഫ്രാഞ്ചുവിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു.

58-ാം മിനിട്ടിൽ നിഹാലിന് പകരം അജ്സലിനെയും ബികാഷിന് പകരം ഹോർമിയേയും കളത്തിലിറക്കി ബ്ളാസ്റ്റേഴ്സ് ആക്രമണത്തിന് വേഗംകൂട്ടാൻ ശ്രമിച്ചു. 70-ാം മിനിട്ടിൽ ഫ്രാഞ്ചുവിന് പകരം എബിനും കളത്തിലെത്തി. ഇൻജുറി ടൈമിലാണ് കളി ശരിക്കും ആവേശത്തിലായത്.

ഈ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം വിജയമാണിത്. 11 മത്സരങ്ങളിൽ 11 പോയിന്റായ ബ്ളാസ്റ്റേഴ്സ് 11-ാം സ്ഥാനത്താണ്. സീസണിൽ രണ്ട് മത്സരങ്ങളേ ബ്ളാസ്റ്റേഴ്സിന് അവശേഷിക്കുന്നുള്ളൂ.