സഹദേവൻ പട്ടശ്ശേരിക്ക് ആക്‌ട് പുരസ്കാരം
Friday 24 April 2026 12:54 AM IST
തൊടിയൂർ: തുളസിക്കതിർ നുള്ളിയെടുത്തു എന്ന് തുടങ്ങുന്ന കൃഷ്‌ണ ഭക്തിഗാനത്തിന്റെ രചയിതാവായ സഹദേവൻ പട്ടശ്ശേരിക്ക് മരണാനന്തര ബഹുമതിയായി കലാ സാംസ്കാരിക സംഘടനയായ ആക്ടിന്റെ പുരസ്കാരം.
കൊച്ചി അയ്യനാട് സഹ:ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ആക്‌ട് മൂന്നാം വാർഷികാഘോഷ ചടങ്ങിൽ 10,001 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം സഹദേവൻ പട്ടശ്ശേരിയുടെ മകൾ സുഷമാ കുമാരി, മകൻ സുരേഷ് കുമാർ, സഹോദരൻ സുരേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എം.സി. ദിലീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി ജോർജ് അദ്ധ്യക്ഷനായി.പി.എം. അബ്ദുൽ അസീസ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.എസ്. അനിൽ കുമാർ, ചീഫ് കോ ഓർഡിനേറ്റർ ജലീൽ താനത്ത്, വൈസ് ചെയർപേഴ്സൺ കെ.എസ്. ഷെർലി, വേണുഗോപാൽ, ഷാജു കുളത്തുവയൽ എന്നിവർ സംസാരിച്ചു.