ഫാമുകൾക്കെതി​രെ നടപടി

Friday 24 April 2026 12:55 AM IST

കൊല്ലം: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ 25 ഫാമുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയപ്പോൾ രണ്ടെണ്ണത്തിന് മാത്രമാണ് ലൈസൻസ് ഉണ്ടായിരുന്നത്. പോളച്ചിറ ഏലയിലും പഞ്ചായത്ത് പരിധിയിലെ മറ്റ് ഏലകളിലും ജലാശയങ്ങളിലും കോഴി, പന്നി ഫാമുകളിൽ നിന്നുള്ള മാലിന്യം തള്ളുന്നത് രൂക്ഷമായ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കി പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും ലൈസൻസ് എടുക്കാതെയാണ് ഒട്ടുമിക്ക ഫാമുകളും പ്രവർത്തിച്ചിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ്‌ കൃഷ്ണൻ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഉല്ലാസ് കൃഷ്ണൻ അറിയിച്ചു.