ജഡ്ഡുവിന്റെ പ്ളേയർ ഒഫ് ദ മാച്ച് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക്
ലക്നൗ : കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നേടിയ പ്ളേയർ ഒഫ് ദ മാച്ച് പുരസ്കാരം ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നുവെന്ന് രാജസ്ഥാൻ റോയൽസ് താരം രവീന്ദ്ര ജഡേജ. മത്സരശേഷം പുരസ്കാരമേറ്റുവാങ്ങാനെ ത്തിയപ്പോഴാണ് ജഡേജ ഇങ്ങനെ പറഞ്ഞത്. ജഡേജയുടെ ഭാര്യ റവാബയാണ് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി. തനിക്ക് ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് മത്സരത്തിന് മുമ്പ് ഭാര്യ ആത്മവിശ്വാസം പകർന്നുനൽകിയെന്നും അതുപോലെ സംഭവിച്ചുവെന്നും ജഡേജ പറഞ്ഞു.
ആൾറൗണ്ട് പ്രകടനവുമായാണ് ജഡേജ ലക്നൗവിന് എതിരെ പ്ളേയർ ഒഫ് ദ മാച്ചായത്. ഒൻപതോവറിൽ 62/4 എന്ന നിലയിലായിരുന്ന രാജസ്ഥാനെ 29 പന്തുകളിൽ രണ്ട് ഫോറുകളും ഒരു സിക്സുമടക്കം പുറത്താകാതെ 43 റൺസടിച്ച ജഡേജയാണ് 159/6 എന്ന സ്കോറിലെത്തിച്ചത്. ബൗളിംഗിൽ നാലോവറിൽ 29 റൺസ് വഴങ്ങി നിക്കോളാസ് പുരാന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പുരാന്റെ വിക്കറ്റ് നേടിയശേഷം അദ്ദേഹത്തെ പോക്കറ്റിലിടുന്നതുപോലെയുള്ള ജഡേജയുടെ ആഘോഷവും കൗതുകമായി. ലക്നൗ 119 റൺസിന് ആൾഔട്ടായതോടെ രാജസ്ഥാൻ 40 റൺസിന്റെ വിജയം ആഘോഷിച്ചു.