'ഈ വേദന വാക്കുകൾക്കതീതം": ബിജീഷിന്റെ വേർപാടിൽ നമിത പ്രമോദ്
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സഹപ്രവർത്തകൻ ഇഞ്ചമുടി ബിജീഷ് ബാലന്റെ വേർപാടിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. 'പ്രിയപ്പെട്ട ബിജീ"... എന്നുതുടങ്ങുന്ന കുറിപ്പാണ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. 'ഇന്നു ഞാൻ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്റെ ഹൃദയം വല്ലാതെ ഭാരപ്പെടുന്നു. നീ വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല, സ്വന്തം സഹോദരനെപ്പോലെയായിരുന്നു. നീ ഇനി നമ്മോടൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാൻ ഇപ്പോഴും കഴിയുന്നില്ല. എട്ടു വർഷത്തിലേറെയായി നീ എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് നോക്കിയത്. എന്റെ കുടുംബത്തിലെ ഒരാളായിരുന്നു നീ. ജോലി സ്ഥലത്ത് എന്നെ സുരക്ഷിതയായും സന്തോഷവതിയായും തോന്നിപ്പിച്ചത് നീയായിരുന്നു. അത്രയും നിഷ്‌കളങ്കനും സത്യസന്ധനുമായിരുന്നു നീ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധമായ മനസിനുടമ. പൂരത്തോടുള്ള നിന്റെ സ്‌നേഹവും ആവേശവും മറ്റാർക്കും ഇല്ലാത്തതായിരുന്നു. നിന്റെ വേർപാട് എന്റെ ഹൃദയം തകർക്കുന്നു. നീയില്ലാതെ എങ്ങനെ ഷൂട്ടിംഗ് സെറ്റിലേക്ക് കയറിച്ചെല്ലുമെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭാഗമായിരുന്നു നീ. ഓരോ ദിവസവും ഞാൻ നിന്നെ മിസ് ചെയ്യും." നമിത കുറിച്ചു. ബിജിഷിനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചു.