മുംബയ്‌യെ തരിപ്പണമാക്കി സഞ്ജു ഷോ; വാംഖഡെയിൽ ചെന്നൈക്ക് 103 റൺസിന്റെ വിജയം

Friday 24 April 2026 12:17 AM IST

മുംബയ്: ഐപിഎൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. മലയാളി താരം സഞ്ജു സാംസൺ മത്സരത്തിൽ സെഞ്ച്വറിയുമായി ചരിത്രമെഴുതി. 103 റൺസിനാണ് മുംബയ്‌ക്കെതിരെ ചെന്നൈയുടെ വിജയം. സിഎസ്‌കെ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബയ് 104 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അകീൽ ഹൊസെയ്‌നാണ് മുംബയ്‌യെ എറിഞ്ഞിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജു (54 പന്തിൽ 101) തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ മുംബയ് ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ താരം എന്ന റെക്കാഡും സഞ്ജു സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസ് അടിച്ചെടുത്ത സഞ്ജു ആറോവറിൽ ടീം സ്‌കോർ 73ൽ എത്തിച്ചു. ഗെയ്‌‌ക്‌വാദ് (22), ശിവം ദുബെ (5), ബ്രവിസ് (21) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും സഞ്ജു തളർന്നില്ല. 26 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച് അവസാന ഓവറിൽ 16 റൺസ് അടിച്ചെടുത്ത് സെഞ്ച്വറിയും പൂർത്തിയാക്കിയാണ് മടങ്ങിയത്.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബയ്ക്ക് തുടക്കം മുതലേ പിഴച്ചിരുന്നു. സ്‌കോർ ബോർഡിൽ 11 റൺസ് എത്തുമ്പോഴേക്കും ക്വിന്റൺ ഡി കോക്ക് (7) ഡാനിഷ് മലേവാർ (0) നമാൻ ധിർ (0) തുടങ്ങിയ മൂന്ന് മുൻനിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. സൂര്യകുമാർ യാദവും (36) തിലക് വർമയും (37) ചേർന്ന് നാലാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്ത് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ചെന്നൈ ബൗളർമാർ കളി തിരിച്ചുപിടിച്ചു. തിലക് വർമ പുറത്തായതോടെ മുംബയ്‌യുടെ തകർച്ച പൂർണമായി. ഹാർദിക് പാണ്ഡ്യ (1), റൂഥർഫോർഡ് (0) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ കഴിയാതെ നിരാശപ്പെടുത്തി. 13.1 ഓവറിൽ 87-7 എന്ന നിലയിലായ മുംബയ് ഒടുവിൽ 104 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.