പാമ്പുകളെ അകറ്റാൻ മുൻകരുതൽ സ്വീകരിക്കണം: വാവ സുരേഷ്

Friday 24 April 2026 1:42 AM IST

തിരുവനന്തപുരം: പാമ്പുകടിയേറ്റ് കുട്ടികളുൾപ്പെടെ മരിക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ മുന്നറിയിപ്പ് .

 വീടിനുള്ളിലെ സുരക്ഷ?

സന്ധ്യാസമയത്ത് മുൻവാതിലോ പിൻവാതിലോ തുറന്നിടുന്ന ശീലം പലർക്കുമുണ്ട്. ഈ സമയത്താണ് പാമ്പുകൾ മിക്കപ്പോഴും അകത്ത് കയറുന്നത്. വാതിലുകൾ അശ്രദ്ധമായി തുറന്നിടരുത്. സിങ്ക്, ബാത്റൂം, വാഷിംഗ് മെഷീൻ എന്നിവയുടെ വേസ്റ്റ് പൈപ്പുകൾ പോകുന്ന ഭാഗങ്ങളിലെ വിടവുകൾ എം-സീലോ മറ്റോ ഉപയോഗിച്ച് അടയ്ക്കണം.

 താമരയോ ആമ്പലോ വളർത്തുന്ന വലിയ ചെടിച്ചട്ടികൾ വീടിനോട് ചേർന്ന് തറയിൽ വയ്ക്കുന്നത് അപകടമാണ്. പാമ്പുകൾ ഈ തണുപ്പുള്ള ഭാഗത്തേക്ക് എത്താൻ സാദ്ധ്യതയുണ്ട്. ചെടിച്ചട്ടികൾ വിടവുള്ള സിമന്റ് കട്ടകൾക്കോ ഇഷ്ടികകൾക്കോ മുകളിൽ വയ്ക്കാതെ സ്റ്റാൻഡുകളിൽ ഉയർത്തി വയ്ക്കാൻ ശ്രദ്ധിക്കണം. പക്ഷികൾക്കും മൃഗങ്ങൾക്കും മറ്റും വെള്ളം വയ്ക്കുന്നത് തറനിരപ്പിൽ ആകരുത്. ഉയരത്തിൽ വയ്ക്കുക.

 രാത്രികാലങ്ങളിലെ ശ്രദ്ധ‌‌?

തറയിൽ പായയോ ബെഡ്ഷീറ്റോ വിരിച്ച് കിടന്നുറങ്ങുന്നത് അപകടകരമാണ്. ഉറക്കത്തിൽ ചെറിയ പാമ്പുകൾ കടിച്ചാൽ പെട്ടെന്ന് വേദന അറിയില്ലെങ്കിലും മണിക്കൂറുകൾ കഴിയുമ്പോൾ ജീവന് ഭീഷണിയാകും. കട്ടിൽ ഭിത്തിയോടോ ജനലിനോടോ ചേർത്തിടരുത്. വിരികൾ നിലത്ത് മുട്ടി കിടക്കരുത്. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ദൂരേക്ക് വെളിച്ചം കിട്ടുന്ന ടോർച്ച് ഉപയോഗിക്കണം.

വീട്ടുപരിസരം?

തെങ്ങിൻ തോലുകൾ, ചപ്പിലകൾ, ഓടിൻ കഷ്ണങ്ങൾ, ഇഷ്ടികകൾ, തെങ്ങിൻ തൊണ്ട് എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കണം. തൊഴിലുറപ്പ് ജോലിക്കിടെ ചപ്പിലകൾ കൈകൊണ്ട് വാരാതെ മുപ്പല്ലിയോ മറ്റോ ഉപയോഗിക്കണം. ഗംബൂട്ട് സുരക്ഷിതമായിരിക്കും.

 പ്രഥമശുശ്രൂഷ

പാമ്പുകടിയേറ്റ ആളിന് ധൈര്യം നൽകുകയും ഒരിടത്ത് ഇരുത്തുകയും വേണം. നടക്കാനോ ഓടാനോ പാടില്ല. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കും. കടിയേറ്റ ഭാഗം മുറിക്കാനോ, വായ കൊണ്ട് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിന് പത്ത് ഇഞ്ച് മുകളിലായി തുണി ഉപയോഗിച്ച് അധികം മുറുക്കാതെ കെട്ടണം (രണ്ട് വിരൽ കടക്കാൻ പാകത്തിന് വിടവ് വേണം). കടിയേറ്റ ആളെ തോളിലേറ്റിയോ കൈയിൽ പിടിച്ചോ കൊണ്ടുപോകണം, കുലുക്കം തട്ടുന്ന ടൂ വീലറുകൾ ഒഴിവാക്കുക. വെന്റിലേറ്റർ സൗകര്യവുമുള്ള വലിയ ആശുപത്രികളിൽ വേഗം എത്തിക്കണം.