ഇറാനിയൻ വിദ്യാർത്ഥിനിക്ക് നീന്തൽകുളം ഉപയോഗിക്കാം: മനുഷ്യാവകാശ കമ്മിഷൻ

Friday 24 April 2026 2:01 AM IST

തിരുവനന്തപുരം:കേരള സർവകലാശാലാ കാര്യവട്ടം ക്യാമ്പസിലെ ഇറാനിയൻ വിദ്യാർത്ഥിനിയും നീന്തൽതാരവുമായ സാറ മൂസവിക്ക് ക്യാമ്പസിലെ നീന്തൽകുളം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇതിനാവശ്യമായ സൗകര്യങ്ങൾ കായിക യുവജനകാര്യ വകുപ്പ് ഒരുക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു. ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ നീന്തൽകുളം ഉപയോഗിക്കാൻ അനുമതിയുള്ളുവെന്ന് ചൂണ്ടിക്കാട്ടി നീന്തൽകുളത്തിന്റെ ചുമതലയുള്ളയാൾ തനിക്ക് നേരെ വംശീയ പരാമർശങ്ങൾ നടത്തിയെന്ന് സാറ നൽകിയ പരാതിയിലാണ് ഉത്തരവ്. കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനോ സിറ്റിംഗിൽ ഹാജരാകാനോ തയ്യാറാകാതിരുന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ, എസ്.എച്ച്.ഒ. എന്നിവരിൽ നിന്നും സിറ്റി പൊലീസ് കമ്മിഷണർ വിശദീകരണം വാങ്ങി നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സാറയ്ക്ക് നീന്തൽകുളം ഉപയോഗിക്കാൻ തടസമില്ലെന്ന് കായികവകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പരാതിക്കാരി കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിൽ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണം ജില്ലാ പൊലീസ് മേധാവി പരിശോധിക്കാനും കമ്മിഷൻ ഉത്തരവിട്ടു. കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാക്കി ആറ്റിങ്ങൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.