ഹെൽമെറ്റ് വയ്‌ക്കാത്തതിന് 500 രൂപ പിഴ അടയ്‌ക്കേണ്ട, ഇനി 250 മതി; എംവിഡിയുടെ ഓഫർ ഈ ദിവസം വരെ മാത്രം

Friday 24 April 2026 10:03 AM IST

കൊച്ചി: ട്രാഫിക് നിയമലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴിയാണ് പകുതി പണമടച്ച് നിയമനടപടി ഒഴിവാക്കാൻ സാധിക്കുക. ഈ മാസം 30 വരെയാണ് ഈ ഇളവുള്ളത്.

പിഴത്തുക വലിയ ബാദ്ധ്യതയായി പണമടയ്‌ക്കാതെ മാറ്റിവച്ചവർക്കും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ ഇളവ്. ഉദാഹരണത്തിന് ഹെൽമെറ്റ് ഉപയോഗിക്കാതെ വണ്ടിയോടിച്ച് 500 രൂപ ചെല്ലാൻ ലഭിച്ചവർക്ക് ഈ ഓഫറിലൂടെ വെറും 250 രൂപ അടച്ചാൽ മതി.

എറണാകുളം ജില്ലയിൽ ഏപ്രിൽ 27 മുതൽ 30 വരെ കളക്‌ടറേറ്റ് സമുച്ചയത്തിൽ താഴത്തെ നിലയിലുള്ള എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിലാണ് അദാലത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പരാതികൾ പരിഹരിക്കുകയും പിഴ അടയ്‌ക്കുകയും ചെയ്യാം.

എംവിഡി കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായും പിഴത്തുക അടയ്‌ക്കാവുന്നതാണ്. പിഴത്തുകയിലെ അവ്യക്തതകൾ നീക്കാനും തടസങ്ങൾ ഒഴിവാക്കാനും നേരിട്ടുള്ള അദാലത്ത് പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴത്തുക പൂർണമായും ഒടുക്കേണ്ടിവരും.