ജീവിതത്തിനു വെളിച്ചമായി സംഗീതം, 'മുത്തൂസ് സിംഗിംഗ് ബാംബു' ബാൻഡ് തുടങ്ങാൻ മുത്തു, പേരിനുപിന്നിലുണ്ട് ചെറിയൊരു ഇഷ്‌ടം

Saturday 25 April 2026 5:28 PM IST

'ചിന്ന തായവൾ തന്ത രാസാവേ...' പഴയ സൂപ്പർ ഹിറ്റ് ചിത്രം ദളപതിയിലെ ഇളയരാജ സംഗീത സംവിധാനം ചെയ്‌ത ആ മനോഹര ഗാനം പുല്ലാങ്കുഴലിൽ വായിച്ച് മുത്തു വീ‌ഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. പോസ്റ്റ് കണ്ട് ഫോളോവേഴ്‌സിന് വളരെയധികം സന്തോഷമായി. മനോഹരമെന്നും ഒരു പ്രോഗ്രാം ഞാൻ തരുമെന്നും പലരും കമന്റ് ചെയ്‌തു. തൃശൂർ വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി മുത്തുവിന് സംഗീതം എന്നത് ജീവിതമാണ്. 52 വർഷമായി അകക്കണ്ണിൽ ജീവിതം നയിക്കുന്ന മുത്തുവിന് വെളിച്ചമാണ് സംഗീതം. മൂന്ന് പതിറ്റാണ്ടിലധികമായി സംഗീതവേദികളിൽ സജീവമാണ് മുത്തു ചിറ്റണ്ട.

സ്‌കൂൾ കാലം മുതൽ തന്നെ പാട്ട് വലിയ ഇഷ്‌ടമായിരുന്നു. വോക്കൽ ആണ് ശാസ്‌ത്രീയമായി പഠിച്ചത്. പക്ഷെ ഇഷ്‌ടം തോന്നിയത് ഓടക്കുഴലിനോടാണ്. പഠിച്ചിട്ടില്ലെങ്കിലും തെല്ലുപോലും തെറ്റില്ലാതെ ഓടക്കുഴൽ വായിക്കാൻ മുത്തു ശീലിച്ചു.

1994ൽ പാലക്കാട് പവിഴം ജ്വല്ലറിയ്‌ക്ക് സ്വന്തമായി പവിഴം ഓർക്കസ്‌ട്ര എന്ന സംഗീത ട്രൂപ്പുണ്ടായിരുന്നു. മുത്തു അതിൽ അംഗമായി. 1996 മുതൽ 2006 വരെ അതിൽ ജോലി ചെയ്‌തു. 'സൊസൈറ്റി ഫോർ റിഹാബിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ്' എന്ന കാഴ്‌ചപരിമിതിയുള്ളവരുടെ സംഘടനയിൽ അംഗമായി. സ്വന്തമായി ഗാനമേള ട്രൂപ്പും, ഫുട്‌ബോൾ ടീമും അങ്ങനെ നിരവധി മേഖലയിൽ സ്വാധീനമുള്ള സംഘടനയാണത്. സംഘടനയിൽ നിന്ന് മൂന്നുപേരെ 2006ൽ എറണാകുളത്തെ മെറിഡ‌ിയൻ ഹോട്ടലിലേക്ക് അയച്ചു. ഹോട്ടലിൽ നടക്കുന്ന വിവാഹ, കോർപറേറ്റ് ഫംഗ്‌ഷനുകൾക്ക് സംഗീത പരിപാടി അവതരിപ്പിക്കാനായിരുന്നു അത്. അവിടെ പരിപാടി അവതരിപ്പിക്കവെ ആസ്റ്റർ മെഡിസിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥ അവരെ ശ്രദ്ധിച്ചു. പിന്നീട് ഏറെകാലം രാവിലെ ആസ്‌റ്ററിലും വൈകിട്ട് മെറിഡിയനിലും പ്രോഗ്രാം ചെയ്‌തു. കൊവിഡ് കാലത്താണ് അതിനൊരു ബ്രേക്ക് വന്നത്.

നിലവിൽ പുതിയൊരു ബാൻഡ് ആരംഭിക്കാനുള്ള പ്രവർത്തനത്തിലാണ് മുത്തു. തന്റെ ആരാധനാപാത്രമായ സംഗീത സംവിധായകൻ എം എസ് ബാബുരാജിനോടുള്ള ഇഷ്ടം നിലനിർത്തുന്നതാകണം ബാൻഡിന്റെ പേര് എന്ന് മുത്തുവിന് നിർബന്ധമുണ്ട്. 'മുത്തൂസ് സിംഗിംഗ് ബാംബു' എന്നാണ് ബാൻഡിന് പേരിടുക. ഇതിന്റെ ചുരുക്കപ്പേര് ബാബുരാജിന്റെ ചുരുക്കപ്പേരായ എം.എസ്.ബി തന്നെയാണ്.

ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്‌തരോടൊപ്പമെല്ലാം പ്രവർ‌ത്തിക്കാൻ മുത്തുവിന് കഴിഞ്ഞിട്ടുണ്ട്. യേശുദാസ്, പി ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, ഗായത്രി, വിജയ് യേശുദാസ്, രമ്യാ നമ്പീശൻ, ഉണ്ണിമേനോൻ, മധു ബാലകൃഷ്‌ണൻ, ജ്യോത്സ്‌ന, വിധുപ്രതാപ് എന്നിങ്ങനെ നിരവധി പേർക്ക് വേണ്ടി പുല്ലാങ്കുഴൽ വായിച്ചു.

ചലച്ചിത്ര ഗാനങ്ങളും കർണാടക സംഗീതവും ഒരുപോലെ ഇഷ്‌ടപ്പെടുന്ന മുത്തുവിന് പുത്തൻതലമുറയുടെ ഇഷ്‌ടമായ, ഗാനങ്ങളുടെ ഇംപ്രൊവൈസേഷൻ ഇഷ്‌ടമാണ്. പക്ഷെ ഇതിനായി‌ ഒറിജിനൽ ഗാനത്തെ മോശപ്പെടുത്തരുതെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. 'സംഗീത സംവിധാനം ഇഷ്‌ടമുള്ളയാളാണ് ഞാൻ. ഇംപ്രൊവൈസ് ചെയ്‌ത് സംഗീത സംവിധായകനെ കൊല്ലരുത് എന്ന ആഗ്രഹമുള്ളതിനാൽ മാക്‌സിമം ഒറിജിനൽ തന്നെ വായിക്കും. ചില ഘട്ടങ്ങളിൽ അൽപം ഇംപ്രൊവൈസ് ചെയ്യേണ്ടി വരും എന്നാൽ ആദ്യം ഒറിജിനൽ വായിച്ചിട്ടേ ഇംപ്രൊവൈസ് ചെയ്യൂ.' മുത്തു ചിറ്റണ്ട പറയുന്നു.

തന്റെ വീഡിയോ കാണുന്നവർ പാട്ട് കേൾക്കുമ്പോൾ ഒറിജിനൽ പാട്ടുകേട്ട ഫീൽ ആണുള്ളതെന്ന് പറയാറുണ്ട്. നല്ലൊരു റേഡിയോ ലിസണർ ആണ്. അതിനാൽ ഒറിജിനൽ പാട്ടാണ് കേട്ടുപഠിക്കുന്നത്. അതുപോലെ വായിക്കുന്നതിനാലാണ് തന്റെ ബാന്റിന്റെ പേരിൽ സിംഗിംഗ് ബാംബു എന്നിടാൻ കാരണം. പാട്ടിലെ ചില പുതിയ പ്രവണതയിൽ മുത്തുവിന്റെ അഭിപ്രായം ഇങ്ങനെ. 'ഒരു സംഗീത സംവിധായകൻ എത്ര കഷ്‌ടപ്പെട്ടാകും പാട്ട് ഉണ്ടാക്കിയത്. അതിൽ സ്റ്റാർട്ടിംഗ് നോട്ട് തന്നെ മാറ്റി വായിക്കുന്നവരെ ഇന്ന് കാണുന്നുണ്ട്. അതിനോട് ഒട്ടും യോജിപ്പില്ല. ആ സംവിധായകന്റെ ആദ്യ നോട്ടിനെയെങ്കിലും നമ്മൾ ബഹുമാനിക്കണ്ടേ?'

കുന്നംകുളത്തെ സ്കൂൾ ഫോർ ദി ബ്ളൈന്റിലെ അദ്ധ്യാപകനായ തിരുവനന്തപുരംകാരനായ ശശി സാറാണ് തന്റെ ഉള്ളിലെ സംഗീതത്തെ പരിപോഷിപ്പിച്ചതെന്ന് മുത്തു പറയുന്നു. അദ്ദേഹം പാട്ടും ഇൻസ്ട്രുമെന്റുകളുമെല്ലാം നന്നായി വായിക്കുമായിരുന്നു. വോക്കൽ, ഹാർമോണിയം, ബുൾബുൾ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് തന്നോടുള്ള സ്നേഹമാണ് ഇന്നും ഈ മേഖലയിൽ നിൽക്കുന്നതിന് കാരണമെന്ന് മുത്തു പറയുന്നു. സ്കൂൾ പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാലക്കാട് ചെമ്പൈ സ്‌മാരക മ്യൂസിക് കോളേജിൽ നിന്ന് ഗാനഭൂഷണം ഡിപ്‌ളോമയും മുത്തു നേടിയിട്ടുണ്ട്. മൂന്ന് മക്കളിൽ രണ്ടാമനായ മുത്തുവാണ് കുടുംബത്തിൽ സംഗീതരംഗത്ത് സജീവമായിത്തന്നെ നിൽക്കുന്നത്. 97460 30434 എന്ന നമ്പരിൽ വിളിച്ചാൽ മുത്തുവിനോട് നിങ്ങൾക്ക് നേരിർട്ട് സംസാരിക്കാം. പഠനം കഴിയുംമുൻപുതന്നെ സംഗീത ലോകത്തെത്തിയ മുത്തുവിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് പ്രിയപ്പെട്ട ബാൻഡ്. അതിനായുള്ള ശ്രമത്തിലാണദ്ദേഹം.