മയക്കുമരുന്ന് നൽകി പീഡനം: യുവാവ് അറസ്റ്റിൽ

Saturday 25 April 2026 1:36 AM IST
മധു

കൊച്ചി: ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര അറുന്നൂറ്റിമംഗലം മാന്തലിൽതെക്കേതിൽ മധുവാണ് (42) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ എം പാനൽ ഡ്രൈവറായി പ്രതി ജോലി ചെയ്യുന്ന കാലത്തായിരുന്നു പീഡനം. സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിലായിരുന്നു താമസം. ബസ് യാത്രക്കിടെ പരിചയത്തിലായ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മധു അടുത്തിടെ ഒരു അപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം മാവേലിക്കരയിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണയുടെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ എം.ജെ. ജിജോ, എസ്.ഐ ഇ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.