ട്രെയിൻ യാത്രക്കാരിയുടെ മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു
കൊച്ചി: ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ സഞ്ചരിച്ച യാത്രക്കാരിയുടെ മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നു. തൃശൂരിനും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുമിടെ പുലർച്ചെ 1.35നും 3.10നുമിടെയായിരുന്നു കവർച്ച. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാവേലിക്കര താമരക്കുളം സ്വദേശി രാജശ്രീയാണ് (46) കവർച്ചയ്ക്കിരയായത്. ഒരു പവന്റെ സ്വർണമാല, 18 കാരറ്റിന്റെ ഡയമണ്ടുകൾ പതിച്ച അഞ്ച് ഗ്രാമിന്റെ സ്വർണമാല, അരപ്പവൻ തൂക്കമുള്ള മോതിരം, വെള്ളി കൈച്ചെയിൻ, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെയാണ് കവർന്നത്. റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ കാർഡുകൾ എന്നിവയും ബാഗിലുണ്ടായിരുന്നു.
എസ് 6 കോച്ചിലെ സ്ലീപ്പറിലാണ് യാത്രക്കാരി കിടന്നുറങ്ങിയത്. രാത്രി 1.35ന് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബാഗ് ഉണ്ടായിരുന്നതായി രാജശ്രീ പറഞ്ഞു. എറണാകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണം തുടങ്ങിയതായി എറണാകുളം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ. എ. നിസാറുദ്ദീൻ പറഞ്ഞു. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ യാത്രക്കാരി കണ്ണൂർ സ്വദേശി സഫയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയെന്ന പരാതിയിലും റെയിൽവേ പൊലീസ് കേസെടുത്തു. റിസർവേഷൻ കോച്ചിൽ കിടന്നുറങ്ങുമ്പോൾ രാത്രിയായിരുന്നു സംഭവം.