അതിരാത്രം: സൗത്രാമണി യാഗവും അവഭൃഥ സ്നാനവും ഇന്ന്
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടന്നുവരുന്ന അതിരാത്രത്തിൽ ഇന്ന് അതിപ്രാചീനമായ സൗത്രാമണി യാഗം നടക്കും. സുരക്ഷ ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ സുത്രാമൻ എന്നു പേരുള്ള ഇന്ദ്രനു വേണ്ടി ചെയ്യുന്ന യാഗമാണ് സൗത്രാമണി. അതിരാത്രം പോലുള്ള സോമയാഗങ്ങളിൽ സോമരസം ഉപയോഗിക്കുന്നതിനാൽ അതിന്റെ അതിക്രമം മൂലം ഉണ്ടാകാവുന്ന ദോഷങ്ങളെ പരിഹരിക്കുന്നതിനായാണ് സൗത്രാമണി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ചടങ്ങായ അവഭൃഥ സ്നാനവും ഇന്ന് നടക്കും. യാഗത്തിന്റെ പൂർത്തീകരണ സമയത്ത് യജമാനനും മറ്റ് ഋത്വിക്കുകളും നദിയിൽ മുങ്ങി ശുദ്ധമാകുന്ന ചടങ്ങാണ് അവഭൃഥ സ്നാനം. ആശ്വിന സ്തോത്രം, ആശ്വിന ശസ്ത്രം, ആശ്വിന യാഗം, ശേഷ കർമ്മം, ഉത്തരാംഗം, പ്രധാന യാഗം, ഗ്രഹഹോമം എന്നിവയും ഇന്ന് നടക്കും. പുലർച്ചെ 4.30 മുതൽ രാത്രി 10 മണി വരെ ചടങ്ങുകൾ നീളും. ഇന്നലെ സോമരസം യാഗാഗ്നിയിൽ നാല് നേരങ്ങളിലായി ആഹുതി ചെയ്യപ്പെട്ടു. അതിരാത്രത്തിന്റെ ഭാഗമായി നടന്ന വിദ്വൽ സദസ് ഡൽഹി ആസ്ഥാനമായുള്ള സർവേ ഭവന്തു സുഖിനോ ട്രസ്റ്റ് അദ്ധ്യക്ഷൻ ജിതേന്ദ്ര ഭാട്ടിയ ഉദ്ഘാടനം ചെയ്തു.