ദേശീയപാത 6 വരിയാണ്, നീലേശ്വരം പാലത്തിന് 3 വരി മാത്രം!
നീലേശ്വരം: ആറുവരി ദേശീയപാതാ വികസനം പൂർത്തിയാകുമ്പോൾ വാഹനങ്ങൾക്ക് നീലേശ്വരം പുഴയ്ക്ക് നിർമിച്ചത് മൂന്നുവരി പാലം മാത്രം. ഏതുനിമിഷവും തകർന്നു വീഴാൻ പാകത്തിലുള്ള പഴയപാലം ഉപയോഗിക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ വിചിത്ര വാദമാണ് ഇതിനുപിന്നിൽ. ഇതിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുമാകില്ല.
1957ൽ നിർമിച്ച നീലേശ്വരം പുഴയിലെ പഴയപാലം പൊളിച്ച് പണിയണമെന്ന ആവശ്യം ശക്തമാണ്. ദേശീയപാതയിലെ മറ്റ് എല്ലാ പുഴക്കും തോടിനും 6 വരിപ്പാതയിൽ തന്നെയാണ് പാലവും പണിയുന്നത്. ദേശീയ പാത അധികൃതരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് നീലേശ്വരത്തെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
2023 സെപ്തംബർ 18ന് പൊതുമരാമത്ത് വകുപ്പും ഉൾനാടൻ ജലഗതാഗത വകുപ്പും യോഗം ചേർന്ന് പാലം പൊളിച്ച് പുതിയത് നിർമിക്കാൻ തീരുമാനമെടുത്തതായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.എസ് ബിജു ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയതുമാണ്. ദേശീയപാത വിഭാഗത്തിന്റെ മാർഗരേഖ അടിസ്ഥാനമാക്കി പാലം പണിയുന്നതിന്റെ ചെലവ് ഉൾനാടൻ ജലഗതാഗത വകുപ്പ് വഹിക്കാനും പ്ലാനും എസ്റ്റിമേറ്റും ദേശീയപാത വിഭാഗം തയാറാക്കാനുമാണ് യോഗം തീരുമാനിച്ചിരുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ, ചീഫ് എൻജിനീയർ, കാസർകോട്, കണ്ണൂർ ഡിവിഷൻ ഓഫീസർമാർ, ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ പഴയ പാലം പൊളിച്ച് പുതിയത് പണിയില്ല എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
പഴയപാലം അപകടാവസ്ഥയിൽ
പഴയപാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. പാലത്തിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുലുക്കമുണ്ടെന്ന് യാത്രക്കാരും പറയുന്നു. അടിഭാഗത്ത് പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണിട്ടുണ്ട്. കൂടുതൽ ഭാര വാഹനങ്ങൾ ഇതുവഴി വരാൻ തുടങ്ങിയാൽ പാലം തകരാനും സാധ്യതയുണ്ട്.
പൊളിച്ചു മാറ്റണം: ജനകീയ സമിതി
അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ പഴയപാലം പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല. ദേശീയപാതയിൽ മൂന്ന് വരിയിലൂടെ വരുന്ന വാഹനങ്ങൾ പകുതിമാത്രം വീതിയുള്ള ഈ പാലത്തിലൂടെ എങ്ങനെ കടന്നുപോകും. ഇത് വൻ ഗതാഗത കുരുക്കിന് കാരണമാകും.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ മുതൽ കുരുവാച്ചേരി വരെ അശാസ്ത്രീയമായ നിർമാണ നടപടികളാണ് ദേശീയപാതാ അധികൃതർ കൈക്കൊണ്ടത്. പഴയപാലം പൊളിച്ചുമാറ്റി എലിവേറ്റഡ് ബ്രിഡ്ജ് പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ജനകീയ സമിതി കഴിഞ്ഞ ഒരു മാസമായി സമരരംഗത്താണ്. നഗരസഭയും എലിവേറ്റഡ് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.