മുപ്പത്തടം പ്ളാന്റ് പൂട്ടി, വരാപ്പുഴയിൽ കുടിവെള്ളക്ഷാമം
പറവൂർ: മുന്നറിയിപ്പില്ലാതെ വാട്ടർ അതോറിട്ടിയുടെ മുപ്പത്തടം പ്ലാന്റ് അറ്റക്കുറ്റപണിയുടെ പേരിൽ അടച്ചുപൂട്ടിയതോടെ വരാപ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കുന്നതിൽ വാട്ടർ അതോറിട്ടി ഗുരുതര അനാസ്ഥ കാട്ടിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വരാപ്പുഴയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം.ഡിക്ക് പരാതി നൽകി. നിരന്തരം ചർച്ച നടത്തി വരാപ്പുഴ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വരാപ്പുഴയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന മുപ്പത്തടം പ്ലാന്റ് അറ്റക്കുറ്റ പണിയുടെ പേരിൽ അടച്ചുപൂട്ടിയത്. കടുത്ത വേനൽ ആരംഭിക്കുന്നതിന് മുമ്പ് പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കണമായിരുന്നുവെന്നും ഇപ്പോൾ കാട്ടിയത് അനാസ്ഥയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
നടപടിയെടുക്കണമെന്ന്
എം.ഡിക്ക് കത്ത്
മുപ്പത്തടം പ്ലാന്റിന്റെ നിയന്ത്രണം പറവൂർ വാട്ടർ അതോറിട്ടി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്കാണ്. വരാപ്പുഴ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ നിയന്ത്രണം കളമശേരി വാട്ടർ അതോറിട്ടി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്കാണ്. ഇത് വിരോധാഭാസമാണ്. പ്ലാന്റ് അടച്ച് ഒരു ദിവസത്തെ പണിക്ക് ശേഷം നിർമ്മാണ തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയതും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട നിർമ്മാണം പൂർത്തിയാക്കാതിരുന്നതും വാട്ടർ അതോറിട്ടി കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ്. ഇക്കാര്യങ്ങൾ അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.
പ്രതിഷേധം ശക്തം
കരുമാലൂർ പഞ്ചായത്തിലെ മാഞ്ഞാലി, മനക്കപ്പടി, തട്ടാംപടി,വെളിയത്തുനാട് എന്നീ മേഖലകളിൽ കുറെ ദിവസങ്ങളിലായി കുടിവെള്ളമില്ല. ഇതിൽ പ്രതിഷേധിച്ച് കരുമാല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികൾ പറവൂർ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, വൈസ് പ്രസിഡന്റ് കൊച്ചു റാണി ജോസഫ്, അംഗങ്ങളായ എ.എം. അബു, സാജിത നിസാർ, നിഷ ഷംനാദ്, മിനി സാജൻ, രേഖ സതീശൻ, ഗീതാ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
നഗരസഭ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പറവൂർ വാട്ടർ അതോറിട്ടി ഓഫീസിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പല്ലംതുരത്ത്, തോന്ന്യകാവ്, കെടാമംഗലം, പെരുമ്പോടത്ത്,തെക്കേനാലുവഴി, മംഗലത്ത് റോഡ്, വെളുത്താട്ട്, ട്രീസ ഗാർഡൻ പരിസരം, മാട്ടുമ്മൽ തുടങ്ങിയ പ്രദേശത്താണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പ്രശ്നം പരിഹരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് സി.എ. രാജീവ്, ടി.എസ്. ശ്രീകുമാർ, ജയദേവാനന്ദൻ, സൂര്യ അരുൺ, നിമിത രാധാകൃഷ്ണൻ, ഷെമിമോൾ, സി.വി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.