ഡാമുകൾ വറ്റുന്നു,​ 32 ശതമാനം ജലം മാത്രം; വൈദ്യുതി കുഴയും   

Saturday 25 April 2026 12:16 AM IST

തൊടുപുഴ: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. വേനൽ മഴ കുറഞ്ഞതും കനത്ത ചൂടിൽ ഉത്പാദനം കൂടിയതുമാണ് കാരണം. ഈ നില തുടർന്നാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയർന്ന നിരക്കിൽ പുറത്തു നിന്ന് കൂടുതൽ വാങ്ങേണ്ടി വരും. ഇതിനനുസരിച്ച് ബില്ലിൽ സർചാർജും വരും.

അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വർഷം 41 ശതമാനമുണ്ടായിരുന്നു.

1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.

2017ലാണ് ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് ഏപ്രിലിൽ 24 ശതമാനമായി കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2334.6 അടിയാണ്. സംഭരണശേഷിയുടെ 34% മാത്രം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് പത്തടി കുറവാണിത്. റെക്കാഡ് വൈദ്യുതി ഉപഭോഗമായതോടെ ഇടുക്കിയിൽ ശരാശരി 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ആറ് ജനറേറ്ററും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 11.974 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചത്. ശബരിഗിരി പദ്ധതിയിലും ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. കാലവർഷം ആരംഭിക്കാൻ ഇനിയും 36 ദിവസമുണ്ട്. വേനൽ മഴ കിട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

വേനൽ മഴയിൽ വൻ കുറവ്

115.9 മില്ലി മീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് 67 മി.മീ മാത്രമാണ് ലഭിച്ചത്. 42 ശതമാനം കുറവ്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീരെ കുറവ്. കോഴിക്കോടും പത്തനംതിട്ടയും സാധാരണഗതിയിൽ കിട്ടി.

ഡാമുകളിലെ ജലനിരപ്പ്

(ശതമാനത്തിൽ)

ഇടുക്കി............................. 34

പമ്പ................................... 28

ഷോളയാർ......................34

ഇടമലയാർ.....................30

മാട്ടുപ്പെട്ടി.........................28

കുറ്റിയാടി........................36

തരിയോട്.......................22

പൊന്മുടി.........................21

നേര്യമംഗലം.................56

പെരിങ്ങൽ....................26

ലോവർ പെരിയാർ....68

10 രൂപയ്ക്ക് വാങ്ങാൻ

അനുമതിയില്ല

1 പീക്ക് സമയത്ത് ടേം എഹെഡ് മാർക്കറ്റിൽ നിന്ന് യൂണിറ്റിന് 10 രൂപവരെ നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയിരുന്നു

2 പ്രതിസന്ധിഘട്ടങ്ങളിൽ വൈദ്യുതി വാങ്ങുന്നത് തടഞ്ഞിട്ടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയെങ്കിലും കെ.എസ്.ഇ.ബിയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു.ഇന്നലത്തെ ഹിയറിംഗിൽ അതുനൽകാൻ തയ്യാറായില്ല

3 വൈദ്യുതി വാങ്ങിയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാവുമെന്ന് കെ.എസ്.ഇ.ബി വാദിച്ചു. ഇതോടെ, വൈദ്യുതിവാങ്ങൽ കരാറുകൾ, കൈമാറ്റകരാറുകൾ, സോളാർ വൈദ്യുതി എന്നിവ സംബന്ധിച്ച് ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു

പീക്ക് ഉപയോഗം കുറഞ്ഞു

6000 മെഗാവാട്ട് കടന്ന് മുന്നോട്ടുപോയ പീക്ക് സമയ ഉപയോഗത്തിൽ കുറവുണ്ടായി. വ്യാഴാഴ്ചയിലെ പീക്ക് സമയ ഉപയോഗം 5950 മെഗാവാട്ടും പ്രതിദിന ഉപയോഗം 115.2818 ദശലക്ഷം യൂണിറ്റുമായിരുന്നു