ശൈശവ വിവാഹം തെളിഞ്ഞു, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കാസർകോട്: എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ റിപ്പോർട്ട് ശൈശവ വിവാഹ നിരോധന ഓഫീസർ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മറ്റൊരു റിപ്പോർട്ട് ജില്ലാ ചൈൽഡ് ലൈനും കൈമാറി. റിപ്പോർട്ടിൽ ശൈശവ വിവാഹം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു. ചൈൽഡ് ലൈൻ ജില്ലാ അധികൃതർ പരാതി നൽകിയാൽ ചന്തേര പൊലീസ് ക്രിമിനൽ നടപടിയെടുക്കും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചു വരുത്തി ബന്ധുക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ 'കാനത്ത് കല്യാണം' നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിൽ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ചന്തേര പൊലീസ് പറയുന്നു. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതി നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ ആണ് നൽകിയത്. തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല. ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്. ഏപ്രിൽ 13 നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ കാനത്ത് കല്ല്യാണം നടന്നത്.
ഉന്നത അന്വേഷണത്തിന്
ചീഫ് സെക്രട്ടറിക്ക് കത്ത്
സംഭവത്തിൽ തെളിവ് നശിപ്പിക്കുവാൻ ശ്രമമെന്നും ഉന്നത പൊലീസ് സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
നിലവിൽ നടക്കുന്ന പൊലീസിന്റെ അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലാണെന്നും അതിനാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് ഉന്നത പൊലീസ് സംഘത്തെ കൊണ്ട് സമഗ്ര അന്വേഷണവും കർശന തുടർ നിയമ നടപടിയും വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിംഗ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.