വീൽചെയർ ജീവിതത്തെ വെല്ലുവിളിച്ച് വിരൽത്തുമ്പിൽ 5000 ചിത്രങ്ങൾ!
തൃശൂർ: വഴങ്ങാത്ത കാലുകൾ രാധികയുടെ ജീവിതം വീൽചെയറിൽ തളച്ചിട്ടെങ്കിലും കൈവിരലുകളുടെ മാന്ത്രികതയിൽ
പിറന്നത് അയ്യായിരത്തിലേറെ ചിത്രങ്ങൾ.
മമ്മൂട്ടിയും യേശുദാസും എം.എ.യൂസഫലിയും അടക്കം ആ ബ്രഷിൽ നിന്ന് പിറന്നു വീണു. നർത്തകികളും പണിയെടുക്കുന്ന സ്ത്രീകളും പുഴയും മരങ്ങളും ക്ഷേത്രങ്ങളും... അങ്ങനെ പലതും. പെൻസിൽ ഓയിലും വാട്ടർകളറും അക്രിലിക്കുമെല്ലാം വഴങ്ങും. ചേലക്കര ചേലക്കോട് കരുവാൻപുരയ്ക്കൽ കത്രിക നിർമ്മാണത്തൊഴിലാളിയായ ബാലന്റെയും ശാന്തയുടെയും മകളാണ്. ഒന്നര വയസിൽ പോളിയോ ബാധിച്ചു, സ്‌കൂളിൽ പോകാനായില്ല. വീട്ടിലിരുന്നാണ് അക്ഷരം പഠിച്ചത്. സഹോദരങ്ങളായ രേണുകയും മനോജും പഠിക്കുന്നതും ചിത്രം വരയ്ക്കുന്നതും കണ്ടും കേട്ടും പഠനവും വരകളും കൂടെച്ചേർന്നതാണ്. ആരും ഗുരുക്കന്മാരില്ല.
പ്രദർശനത്തിന് കൊണ്ടുപോകുമ്പോൾ ചിത്രങ്ങൾക്ക് പതിനായിരം രൂപ വരെ കിട്ടാറുണ്ട്. ഏതാനും വർഷം മുൻപ് തൃശൂരിൽ പ്രദർശനം നടത്തിയപ്പോൾ ചിത്രങ്ങൾ വിറ്റുപോയി. മറ്റു സമയങ്ങളിൽ തയ്യൽപ്പണിയും ചെയ്യും. ഡി.ടി.പിയും അറിയാം. ഒഴിവുസമയങ്ങളിൽ നോവൽ വായിക്കും. ഇപ്പോഴും 85 89 82 48 59 എന്ന നമ്പറിൽ വിളിച്ച് ചിത്രങ്ങൾ വാങ്ങുന്നവരുണ്ട്.
ആ കയ്യൊപ്പുകൾ നിധി പോലെ ...
യേശുദാസും മമ്മൂട്ടിയും ചിത്രങ്ങളിൽ ഒപ്പിട്ട് നൽകിയിട്ടുണ്ട്. അത് നിധിപോലെ സൂക്ഷിക്കുന്നു. എ.പി.ജെ.അബ്ദുൾകലാം, ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ ചിത്രങ്ങളും ശ്രദ്ധേയമായി. ദാദാസാഹിബ് സിനിമയുടെ ചിത്രീകരണത്തിന് ഒറ്റപ്പാലത്ത് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെ കണ്ടത്. പാലക്കാട് സംഗീതോത്സവത്തിനെത്തിയ യേശുദാസിനെയും കണ്ടു. അദ്ദേഹവും അഭിനന്ദന വാക്കെഴുതി നൽകി.
വ്യവസായി എം.എ.യൂസഫലിയുടെ ചിത്രമാണിപ്പോൾ വരയ്ക്കുന്നത്. അത് അദ്ദേഹത്തിന് നേരിട്ട് സമർപ്പിക്കണമെന്നാണ് മോഹം.
കഴിയാവുന്നിടത്തോളം ചിത്രങ്ങൾ വരയ്ക്കണം. വലിയ ചിത്രങ്ങൾ വരയ്ക്കണമെന്നുണ്ട്. പക്ഷേ, അതിന് കഴിയുന്നില്ല...
രാധിക.