സ്കൂൾ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കളികൾ, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരേഡ്, പരിശീലനം, അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, ഡോ.വിൽസൺ എന്നിവരുടെ ഫുൾബെഞ്ച് ഉത്തരവായത്.
യൂണിഫോം ഇളവ്
വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിന് അനുവദിക്കണം. കനത്തചൂട് ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിർജ്ജലീകരണം, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുത്. തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിന്മേലാണ് കമ്മിഷൻ ഉത്തരവ്.
15 ദിവസത്തിനകം നടപടി അറിയിക്കണം
ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി അഡിഷണൽ ഡയറക്ടർ ജനറൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് കമ്മിഷണർ എന്നിവർ നടപ്പിലാക്കണം.