വരുമാനം വളർച്ചയുമായി റിലയൻസ് മുന്നേറ്റം
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ സംയോജിത പ്രവർത്തന വരുമാനം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 12.9 ശതമാനം ഉയർന്ന് 2,98,621 കോടി രൂപയായി. അതേസമയം ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ക്രൂഡോയിൽ വിലയിലെ കുതിപ്പും കമ്പനിയുടെ ലാഭത്തെ ബാധിച്ചു. അവലോകന കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 12.6 ശതമാനം കുറഞ്ഞ് 16,971 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 16 ശതമാനം ഉയർന്ന് 80,775 കോടി രൂപയിലെത്തി. ഇക്കാലയളവിൽ വരുമാനം 9.75 ശതമാനം വർദ്ധനയോടെ 10.75 ലക്ഷം കോടി രൂപയായി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് ആറ് രൂപ ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി.
ജിയോ അറ്റാദായം 13 ശതമാനം ഉയർന്നു
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ സർവീസായ ജിയോ പ്ളാറ്റ്ഫോമിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 13 ശതമാനം വർദ്ധനയോടെ 7,935 കോടി രൂപയായി. വരുമാനം 13 ശതമാനം ഉയർന്ന് 38,259 കോടി രൂപയിലെത്തി. ജിയോയുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം(എ.ആർ.പി.യു) 3.8 ശതമാനം വർദ്ധിച്ച് 214 രൂപയായി.