വിദേശ നാണയ ശേഖരത്തിൽ വർദ്ധന

Saturday 25 April 2026 12:15 AM IST

കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മെച്ചപ്പെടുന്നു. ഏപ്രിൽ 17ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 230 കോടി ഡോളർ ഉയർന്ന് 70,330 കോടി ഡോളറിലെത്തി. യൂറോ, യെൻ, പൗണ്ട് എന്നിവ അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 140 കോടി ഡോളർ ഉയർന്ന് 55743 കോടി ഡോളറായി. സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവിൽ 7.9 കോടി ഡോളർ വർദ്ധിച്ച് 12,213 കോടി ഡോളറായി. ഫെബ്രുവരി അവസാന വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,849.4 കോടി ഡോളറെന്ന റെക്കാഡിട്ടിരുന്നു.

ആഗോള അനിശ്ചിതത്വങ്ങളിൽ നിന്നും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ശക്തമായ സംരക്ഷണം നൽകാൻ ഉയർന്ന വിദേശ നാണയ ശേഖരം സഹായകമാകും. നേരിയ ഇടവേളയ്ക്ക് ശേഷം റിസർവ് ബാങ്ക് വലിയ തോതിൽ വിപണിയിൽ നിന്ന് സ്വർണം വാങ്ങുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.