എണ്ണയിൽ തെന്നി രൂപ താഴേക്ക്

Saturday 25 April 2026 12:17 AM IST

ഇറക്കുമതി ചെലവ് കുതിക്കുന്നു

കൊച്ചി: ക്രൂഡോയിൽ വിലക്കുതിപ്പും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കുന്നു. അഞ്ച് ദിവസമായി ഡോളറിനെതിരെ രൂപ തുടർച്ചയായി ഇടിയുകയാണ്. 2022 സെപ്തംബറിന് ശേഷം ഒരു വാരം രൂപ നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.4 ശതമാനം കുറഞ്ഞ് 94.25ൽ വ്യാപാരം പൂർത്തിയാക്കി.

വിദേശ നാണയ വിപണിയിലെ ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് കടുത്ത നടപടികൾ സ്വീകരിച്ചതും ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും മുൻവാരം രൂപയ്ക്ക് കരുത്ത് പകർന്നിരുന്നു. എന്നാൽ കേന്ദ്ര ബാങ്ക് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ഊഹക്കച്ചവടക്കാർ വിപണിയിൽ വീണ്ടും സജീവമായി. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനാൽ ക്രൂഡോയിൽ വില തിരിച്ചുകയറിയതും തിരിച്ചടിയായി.

രാജ്യത്തെ ഓഹരി വിപണിയിൽ വിദേശ ധന സ്ഥാപനങ്ങൾ വിൽപ്പന ശക്തമാക്കിയതും വിനയായി. രൂപയുടെ മൂല്യത്തകർച്ച വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്.

വലച്ച് ഇന്ധന പ്രതിസന്ധി

ക്രൂഡോയിൽ വില ബാരലിന് 107 ഡോളർ കവിഞ്ഞതോടെ ആഗോള സാമ്പത്തിക രംഗത്ത് ഇന്ധന അനിശ്ചിതത്വം ശക്തമായി. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതും ഹോർമുസ് ഇടനാഴി ഇറാൻ വീണ്ടും അടച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ ഇരുപത് ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസിലെ തടസങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യം ശക്തമാക്കും.

തകർച്ച തുടരുന്നു

ഇന്ധന പ്രതിസന്ധിയും ഐ.ടി മേഖലയിലെ തളർച്ചയും തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിച്ചു. മൂന്ന് ദിവസത്തിനിടെ സെൻസെക്‌സ് 2,600 പോയിന്റാണ് ഇടിഞ്ഞത്. ഇന്നലെ സെൻസെക്‌സ് 1,000 പോയിന്റ് നഷ്‌ടവുമായി 76,664ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 275 പോയിന്റ് തകർച്ചയോടെ 23,898ൽ എത്തി. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്ക് എന്നിവയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

വെല്ലുവിളി

1. ക്രൂഡോയിൽ വിലയിലെ കുതിപ്പ്

2. വിദേശ നിക്ഷേപകരുടെ പിന്മാറ്റം

3. കരുത്താർജിക്കുന്ന ഡോളർ

4. ഊഹക്കച്ചവടക്കാരുടെ ഇടപെടൽ

ഓഹരി നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്

4 ലക്ഷം കോടി രൂപ