ഐപിഎല്ലിൽ റെക്കാഡുകൾ തിരുത്തി കൊ‌ഹ്‌ലി; ഗുജറാത്തിനെതിരെ ആർസിബിക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം

Friday 24 April 2026 11:19 PM IST

ബംഗളൂരു: ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് ഉയർത്തിയ 206 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി മറികടന്നത്. വിജയത്തോടൊപ്പം ഐപിഎൽ ചരിത്രത്തിലെ ഐതിഹാസികമായ പല റെക്കാഡുകൾക്കും ചിന്നസ്വാമി മൈതാനം സാക്ഷ്യം വഹിച്ചു.

മത്സരത്തിൽ 81 റൺസെടുത്ത വിരാട് കൊ‌ഹ്‌ലി ഐപിഎൽ ചരിത്രത്തിൽ 800 ഫോറുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കാഡും സ്വന്തമാക്കി. കാഗിസോ റബാഡയെ ബൗണ്ടറി കടത്തിയാണ് കൊ‌ഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. കൂടാതെ, ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 300 സിക്സറുകൾ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും ഇനി കൊ‌ഹ്‌ലിക്ക് സ്വന്തം. ശിഖർ ധവാൻ (768), ഡേവിഡ് വാർണർ (663) എന്നിവരാണ് ഫോറുകളുടെ എണ്ണത്തിൽ കൊ‌ഹ്‌ലിക്ക് പിന്നിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദർശൻ വെടിക്കെട്ട് സെഞ്ച്വറിയാണ് (58 പന്തിൽ 100) നേടിയത്. ഈ മത്സരത്തിൽ ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കാഡാണ് സുദർശൻ തകർത്തത്. 47 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 11 ഫോറുകളും 5 സിക്സറുകളും അടങ്ങിയതായിരുന്നു സുദർശന്റെ ഇന്നിംഗ്സ്.

206 റൺസ് പിന്തുടർന്ന ആർസിബിക്ക് വിരാട് കൊ‌ഹ്‌ലിയും (81) ദേവ്ദത്ത് പടിക്കലും (27 പന്തിൽ 55) ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഗുജറാത്ത് ബൗളർമാരെ കൊ‌ഹ്‌ലി തകർത്തടിക്കുകയായിരുന്നു. മദ്ധ്യ ഓവറുകളിൽ ജേസൺ ഹോൾഡർ കൊ‌ഹ്‌ലിയെയും റാഷിദ് ഖാൻ ദേവദത്ത് പടിക്കലിനെയും പുറത്താക്കിയെങ്കിലും കൃത്യമായ റൺറേറ്റിൽ ബാറ്റ് ചെയ്ത ആർസിബി അഞ്ച് വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആർസിബി തങ്ങളുടെ നില മെച്ചപ്പെടുത്തി. സായ് സുദർശന്റെ പോരാട്ടം പാഴായെങ്കിലും റെക്കാഡുകൾ വാരിക്കൂട്ടിയ കൊ‌ഹ്‌ലി തന്നെയാണ് കളിയിലെ താരമായി മാറിയത്.