വടക്കുന്നാഥൻ ക്ഷേത്രത്തിലെ നെയ്മല ഇടിഞ്ഞു
തൃശൂർ:വടക്കുന്നാഥൻ ക്ഷേത്രത്തിൽ പ്രധാനപ്രതിഷ്ഠയായ ശിവലിംഗത്തിൽ മൂടിയിരിക്കുന്ന നെയ്മല ഇന്നലെ രാവിലെ ഇടിഞ്ഞു. വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നാണ് നെയ്മല ഇടിഞ്ഞത്.അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുമ്പോൾ നെയ്മലയുടെ മുകൾഭാഗത്തെ ഉറയ്ക്കാത്ത ഭാഗങ്ങൾ ഉരുകി താഴെ വീഴാറുണ്ട്.മഹാദേവനെ അഭിഷേകം ചെയ്യുന്ന നെയ്യാണ് നെയ്മലയായി മാറുക.ശ്രീലകത്ത് നെയ്‌വിളക്കിന്റെ ചൂടും അന്തരീക്ഷത്തിലെ ചൂടും ചേർന്ന് കുംഭമാസം മുതൽ മഴ ആരംഭിക്കും വരെ ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കും.ഈ സംഭവത്തെ നെയ്മല ഇടിഞ്ഞരീതിയിൽ കാണാറില്ല.എന്നാൽ ഇന്നലെ ഉണ്ടായത് നെയ്മലയുടെ ഉറച്ചുനിൽക്കുന്ന വലിയൊരുഭാഗം അടർന്ന് താഴെ വീഴുകയായിരുന്നു.മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരിയും ഏറന്നൂർ സതീശൻ നമ്പൂതിരിയും ഇടിഞ്ഞ നെയ്മലയിലെ നെയ്യ് ദേവസ്വം മാനേജർക്ക് കൈമാറി. 11.5 കിലോഗ്രാം നെയ്യാണ് ലഭിച്ചത്. തുടർന്നുള്ള പ്രതിവിധികൾ തന്ത്രിയുടെ നിർദ്ദേശ പ്രകാരം നടത്തും.