കൊടും വേനലിലെ ഭീഷണി വിഷത്തിന് സമാനം ചൂട് കുപ്പിവെള്ളം!
കുടിവെള്ളവുമായി വന്ന ആറ് വാഹനങ്ങൾക്ക് പിഴ
കൊല്ലം: വേനൽച്ചൂട് കടുത്തതോടെ, കുപ്പിവെള്ളവും ശീതളപാനീയങ്ങളും സുരക്ഷിതമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. നേരിട്ട് വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം കൊണ്ടുപോയ ആറ് വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വിതരണക്കാർക്കും കടക്കാർക്കും ഇതിന്റെ ഗൗരവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് കണ്ടെത്തി. വെയിലടിക്കുന്ന രീതിയിൽ കുപ്പികൾ സൂക്ഷിക്കുന്നത് സാധാരണ രീതിയെന്നാണ് വ്യാപാരികൾ ധരിച്ചിരിക്കുന്നത്. കുപ്പിവെള്ളവുമായി വരുന്ന വാഹനങ്ങൾ പരിശോധിച്ച് പിഴ ഒടുക്കേണ്ടി വരുമ്പോഴാണ് പലരും നിയമത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്.
കെമിക്കൽ ലീച്ചിംഗ്
തുറന്ന വാഹനങ്ങളിൽ വെയിലേറ്റു കൊണ്ടു വരുന്ന കുപ്പിവെള്ളം കടകളിൽ വെയിലിന് അഭിമുഖമായി പ്രദർശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്ലാസ്റ്റിക് കുപ്പികൾ ഒരു പരിധിയിലധികം ചൂടാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന അപകടകാരികളായ രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ സാദ്ധ്യതയുണ്ട്. ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഈ വെള്ളം കാരണമായേക്കാം. പ്ലാസ്റ്റിക്കിലെ ബിസ്‌ഫെനോൾ എ , താലേറ്റുകൾ തുടങ്ങിയവ വെള്ളത്തിൽ ലയിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങളിലേക്കും നയിച്ചേക്കാം.
നിർദ്ദേശങ്ങൾ
വിതരണക്കാർക്ക്
നിർമ്മാണ യൂണിറ്റുകളിൽ നിന്ന് കുപ്പിവെള്ളം പുറത്തെത്തിക്കുമ്പോൾ വെയിൽ നേരിട്ട് ഏൽക്കാത്ത വിധം പൂർണ്ണമായും മൂടിയ വാഹനങ്ങൾ മാത്രമേ വിതരണത്തിന് ഉപയോഗിക്കാവൂ.
കടയുടമകൾക്ക്
കടകളുടെ മുന്നിൽ വെയിൽ തട്ടുന്ന രീതിയിൽ കുപ്പികൾ വയ്ക്കരുത്. തണലുള്ളതും തണുപ്പുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ ഇവ സൂക്ഷിക്കാവൂ. വെയിൽ ഏറ്റ് ചൂടായ നിലയിലുള്ള കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കരുത്. ഇത്തരം കുപ്പികൾ വാഹനങ്ങളിൽ വയ്ക്കുന്നതും ഒഴിവാക്കണം.
പരാതിപ്പെടാം
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളോ വാഹനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കാം. 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാം. വരും ദിവസങ്ങളിൽ വ്യാപകമായി പരിശോധനകൾ തുടരുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി.