എം.സി റോഡിൽ ഓപ്പറേഷൻ യെല്ലോ

Saturday 25 April 2026 12:56 AM IST
എം.സി റോഡിൽ മഞ്ഞവര ലംഘിച്ച് വരുന്ന കെ.എസ്.ആർ.ടി.സി ബസ്

മഞ്ഞവര കടന്നാൽ കർശന നടപടി

കൊല്ലം: അപകടങ്ങൾ ഒഴിയാത്ത എം.സി റോഡിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. മഞ്ഞവര കടക്കുന്ന വാഹനങ്ങളെ പിടികൂടാൻ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ യെല്ലോ' ആരംഭിച്ചു.

എം.സി റോഡിൽ ഏനാത്ത് പാലത്തിനും ചടയമംഗലത്തിനും ഇടയിൽ ദിവസവും ഒരു അപകടം വീതം ഉണ്ടാവുന്നതാണ് ആശങ്കയാവുന്നത്. ഈ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുന്നു. രണ്ടാഴ്ച മുൻപ് കൊട്ടാരക്കര കരിക്കം ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ ബൈക്കപകടങ്ങളിൽ 2 യുവാക്കൾ മരി​ച്ചു. 3 പേർ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഇതിന് തൊട്ടുപിന്നാലെ വാളകം കമ്പംകോട്ട് ഉണ്ടായ അപകടത്തിലും രണ്ട് ജീവനുകൾ പൊലിഞ്ഞു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് സജീവമായി നിരത്തിലിറങ്ങിയത്.

ഓപ്പറേഷൻ യെല്ലോ

എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ഇന്നലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി 'ഓപ്പറേഷൻ യെല്ലോ'യുമായി എം.സി റോഡിൽ പരിശോധന നടത്തി. മഞ്ഞവരകൾ ലംഘിച്ച 100 വാഹനങ്ങൾക്കെതിരെ കേസെടുത്തു. അമിത വേഗവും മഞ്ഞവര ലംഘനവുമാണ് പ്രധാനമായും പരിശോധിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ മിക്ക വാഹനങ്ങളും നിയമലംഘനം നടത്തുന്നതായി കണ്ടെത്തി. മോട്ടോർ വാഹന വകുപ്പിന്റെ 6 സ്ക്വാഡുകളി​ലും പൊലീസിന്റെ 3 സ്ക്വാഡുകളി​ലുമായി 25 ഉദ്യോഗസ്ഥർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ഇൻസ്പെക്ടർ ജിജുകുമാർ, എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയാമോൾ, ഗ്രേഡ് എസ്.ഐ സുരേഷ്, എ.എസ്.ഐ മനോജ്, എം.വി.ഐമാരായ ബി.ബിജു, ടി.ജി.പ്രമോദ് എന്നിവർ പരിശോധനയ്ക്ക് ആർ.ടി.ഒയ്ക്കൊപ്പം നേതൃത്വം നൽകി.

പരിശോധന തുടരും

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം. മഫ്തിയിലും ടീമിനെ നിയോഗിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ, ലൈസൻസ് റദ്ദാക്കൽ, മറ്റ് ക്രിമിനൽ കേസുകൾ എന്നി​വ ചുമത്താനാണ് സംയുക്ത സംഘത്തിന്റെ തീരുമാനം.

എം.സി റോഡിൽ അപകടങ്ങൾ കൂടിവരികയാണ്. ചൂട് കൂടുന്നതിനാൽ വേഗം കൂട്ടി പായുന്ന ഇരുചക്ര വാഹനക്കാരുമുണ്ട്. പരിശോധനകൾ കർശനമാക്കി നടപടി കൈക്കൊള്ളും

എ.കെ.ദിലു, ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ്