കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ സോഷ്യൽ മീഡിയപ്പോര്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഒൻപത് ദിവസം ശേഷിക്കെ, മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ ചരടുവലികൾ ഊർജ്ജിതം. സോഷ്യൽമീഡിയ വഴിയാണ് പ്രചാരണങ്ങൾ കൊഴുക്കുന്നത്. അനവസരത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ നീരസം പ്രകടമായി. രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.സി വേണുഗോപാൽ എന്നിവരുടെ അപദാനങ്ങളും പോരാട്ട കഥകളുമാണ് നിരക്കുന്നത്. മൂന്ന് നേതാക്കളും അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞിട്ടുമില്ല.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സമരങ്ങളുൾപ്പെടെ വിശദമാക്കി രമേശ് ചെന്നിത്തലയുടെ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരളയാത്രയെന്ന പേരിൽ രമേശ് ചെന്നിത്തലയുടെ പോഡ് കാസ്റ്റുമെത്തി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം തുടങ്ങിയ കുബേര ഓപ്പറേഷനെപ്പറ്രിയാണ് ഒരു ഭാഗം. ലഹരി വ്യാപനം, വിഴിഞ്ഞം തുറമുഖം, കാർഷിക മേഖല തുടങ്ങി കേരളത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രശ്നപരിഹാരങ്ങളുമാണ് ഇതിലൂടെ ജനങ്ങൾക്ക് മുന്നിലവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രി ചർച്ചയോട് താത്പര്യമില്ലെന്നും,ഇതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞ കെ.സി വേണുഗോപാലിന് വേണ്ടി അനുയായികൾ സമൂഹ മാദ്ധ്യങ്ങളിൽ ഏറെ അദ്ധ്വാനിക്കുന്നുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്തെ സമരങ്ങളും പൊലീസ് മർദ്ദനവും പാർലമെന്ററി പ്രവർത്തനങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി അദ്ദേഹത്തിനായി ചലച്ചിത്ര സംവിധായകൻ തയ്യാറാക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വേണ്ടിയും സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ വന്നുപോകുന്നുണ്ട്. 'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ' എന്ന് സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിട്ടുള്ള ഫ്ളക്സ് മലപ്പുറം പാറപ്പുറത്താണ് പ്രത്യക്ഷപ്പെട്ടത്. പാറപ്പുറം കൂട്ടായ്മ എന്ന പേരിലാണ് ഫ്ളക്സ് .
മുഖ്യമന്ത്രി ചർച്ചകളിൽ താത്പര്യമില്ല:
കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ താത്പര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗമുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കൂടുന്നത് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയാണ് തെളിയിക്കുന്നത്. സംസ്ഥാന സർക്കാർ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. മറ്റ് രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായും ബി.ജെ.പി ഡിപ്പാർട്ട്മെന്റായെന്നും വേണുഗോപാൽ പറഞ്ഞു.പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീന് ചിറ്റ് നൽകി. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് സ്ട്രോംഗ് റൂമിനോട് ചേർന്ന മുറി തുറന്ന സംഭവത്തിൽ പാർട്ടി നൽകിയ പരാതിക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും സമാന സംഭവങ്ങളുണ്ടായി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വലിയ അപമാനമാണ്.