'തിമോത്തി'യുടെ ആറ് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് വിദേശബാങ്ക് കാർഡ് വഴി കടത്തിയത് 95 കോടി

Saturday 25 April 2026 1:32 AM IST

കൊച്ചി: വിദേശ ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 95 കോടി ഇന്ത്യയിലേയ്‌ക്ക് കടത്തിയ 'ദ തിമോത്തി ഇനിഷ്യേറ്റീവ് ഇന്ത്യ' എന്ന സംഘടനയുടെ

കേരളത്തിലെയടക്കം രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. 40 ലക്ഷം രൂപയും 25 ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (എഫ്.സി.ആർ.എ) രജിസ്ട്രേഷനില്ലാതെയാണ് കേരളത്തിലുൾപ്പെടെ സംഘടന പ്രവർത്തിക്കുന്നത്.

ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത കേസിലാണ് രണ്ടു ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്. വിദേശബാങ്ക് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽനിന്ന് പിൻവലിച്ച പണം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത് നിയമവിരുദ്ധമാണ്. അമേരിക്കയിലെ ട്രൂയിസ്‌റ്റ് ബാങ്കിന്റെ ഡെബിറ്റ് കാർഡുകളാണ് ഉപയോഗിച്ചത്.

ബംഗളൂരുവിൽ പിടിയിലായ വിദേശിയായ മൈക്ക് മാർക്കിൽനിന്ന് 24 ഡെബിറ്റ് കാർഡുകൾ കണ്ടെടുത്തു. നക്‌സൽബാധിത പ്രദേശങ്ങളായ ഛത്തിസ്ഗഡിലെ ബസ്‌തർ, ധംതാരി എന്നിവിടങ്ങളിൽനിന്ന് മാത്രം ആറരക്കോടി രൂപ പിൻവലിച്ചു. പ്രദേശത്തെ നക്‌സൽ സംഘടനകൾക്ക് പണം കൈമാറിയതായും സൂചന ലഭിച്ചു. 2025 നവംബറിനും ഈവർഷം ഏപ്രിലിനുമിടയിലാണ് 95കോടി പിൻവലിച്ചത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും തെളിവുകളും രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

സുവിശേഷപ്രചാരണം നടത്തുന്ന ആഗോള സംഘടനയാണ് തിമോത്തി ഇനിഷ്യേറ്റീവ്. നാല് മുതൽ 14 വയസുകാർക്കിടയിൽ സുവിശേഷ പ്രചാരണം, പരിശീലനങ്ങൾ തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. കേരളത്തിൽ പത്തനംതിട്ട കേന്ദ്രമായാണ് സംഘടനയുടെ പ്രവർത്തനം.

വിദേശ സംഭാവന നിയന്ത്രണനിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനിടെയാണ് ക്രൈസ്‌തവ സംഘടനയ്‌ക്കെതിരെ ഇ.ഡി അന്വേഷണം നടത്തുന്നത്.