തൃശൂർ പൂരം; നെയ്‌തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിലെത്തി, തിടമ്പേറ്റി എറണാകുളം ശിവകുമാർ

Saturday 25 April 2026 12:16 PM IST

തൃശൂർ: തൃശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. കുറ്റൂർ നെയ്‌തലക്കാവ് ഭഗവതി പൂരത്തിന്റെ തലേദിവസമായ ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങി. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.

രാവിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ചു. പിന്നാലെ മണികണ്‌ഠനാലിലെത്തി അവിടെനിന്ന് മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം. ശേഷം വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത് തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളമ്പരം ചെയ്‌തു. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണ് ഈ വാതിൽ തുറക്കാറുള്ളത്. എഴുന്നള്ളിപ്പിന്റെ കൂടെ വരുന്നവരാണ് ഗോപുരവാതിൽ അകത്തേക്ക് വലിച്ചുതുറന്ന് നെയ്‌തലക്കാവ് ഭഗവതിയെ പുറത്തേക്ക് ആനയിക്കുന്നത്.

നാളെയാണ് പ്രശസ്‌തമായ തൃശൂർ പൂരം. മഠത്തിൽ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ഇന്നലെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റേതായിരുന്നു തീരുമാനം. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. നേരത്തേ ഒരു മണിക്കൂറിൽ 55 സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.

പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല.