കൈക്കൂലി ആരോപണം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് ശുപാർശ
Sunday 26 April 2026 1:28 AM IST
കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സീനിയർ ക്ലർക്ക് എന്നിവരെ സ്ഥലം മാറ്റണമെന്ന് ഭരണസമിതിയുടെ അടിയന്തര യോഗത്തിന്റെ ശുപാർശ. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് കത്ത് നൽകും. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഇരുവരും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഗൂഗിൾ പേ വഴി സെക്രട്ടറി 19,500 രൂപയും സീനിയർ ക്ലാർക്ക് 43,000 രൂപയും കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് കേസ് എടുത്തു . ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര കമ്മിറ്റിയാണ് നടപടി ശുപാർശ ചെയ്യാൻ തീരുമാനിച്ചത്. മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് കൈക്കൂലി ഇടപാട് വ്യാപകമെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് 72 ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഈ ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.