പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ 1.68 ലക്ഷം പേർ മാത്രം

Sunday 26 April 2026 12:00 AM IST

തിരുവനന്തപുരം; തുടർച്ചയായി ഓരോ വർഷവും സി.പി.ഒ റാങ്ക് ലിസ്റ്റുകൾ ചുരുങ്ങുകയും ലിസ്റ്റിൽ ഉൾപ്പെട്ടവർ പോലും നിയമനത്തിനായി സമരം നടത്തേണ്ടി വരികയും ചെയ്യുന്നത് പതിവായതോടെ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പരീക്ഷ എഴുതാൻ അപേക്ഷകർ കുറയുന്നു. പുരുഷ, വനിതാ പൊലീസ് കോൺസ്റ്റബിൾ അപേക്ഷകരുടെ എണ്ണം ചുരുങ്ങിയതിന് പിന്നാലെ,ഇതിൽ 51,910 പേർ പരീക്ഷയെഴുതാൻ ഉറപ്പ് നൽകിയിട്ടുമല്ല. പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിലായി 74,232 പേരാണ് ഉറപ്പ് നൽകിയത്. പുരുഷന്മാരുടെ ഏഴ് ബറ്റാലിയനിലും വനിതകളുടെ ബറ്റാലിയനിലുമായി ആകെ 2,20,606 അപേക്ഷകൾ ലഭിച്ചതാണ്. ഇവരിൽ 1,68,096 പേർ പരീക്ഷയെഴുതാൻ ഉറപ്പ് നൽകി.

ഇത്തവണ സി.പി.ഒ തസ്തികയിലേക്ക് പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം ഇക്കുറി 97,477 പേർ മാത്രം. കഴിഞ്ഞ വിജ്ഞാപനത്തിൽ 1,30,592 പേർ അപേക്ഷിച്ചതാണ്. വനിതാ ബറ്റാലിയനിലേക്ക് കഴിഞ്ഞ വിജ്ഞാപനത്തിൽ 1,54,114 പേർ അപേ ക്ഷിച്ചിരുന്നു. ഇത്തവണ 30,985 പേരുടെ കുറവ്. പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിൽ ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് തിരുവനന്തപുരം ആസ്ഥാനമായ എസ്.എ.പിയിലേക്കാണ്- 18,874 പേർ . കുറവ് ഇടുക്കിയിൽ- 9,744 പേർ. ആദ്യമായാണ് ഒരു ബറ്റാലിയനിലേക്ക് പതിനായിരത്തിൽ താഴെ അപേക്ഷകൾ ലഭിക്കുന്നത്. ജൂൺ 20-നാണ് പരീക്ഷ . 21 കാറ്റഗറികളിലെ തസ്തികകൾക്കായുള്ള പൊതുപരീക്ഷയാണ്.