മൂവാറ്റുപുഴയിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു

Sunday 26 April 2026 12:54 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് റോഡിൽ നാലുപേരെ കടിച്ച് തെരുവുനായ. രൂപേഷ് (37), രാധാകൃഷ്ണൻ (66), ദേവിക (26), അലൻ (22) എന്നിവർക്കാണ് കടിയേറ്റത്. ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

വെള്ളൂർക്കുന്നം നെടുഞ്ചാലിൽ ആശുപത്രി ജീവനക്കാരനായ രൂപേഷിനെ ആശുപത്രിക്ക് സമീപത്ത് വച്ചാണ് നായ ആക്രമിച്ചത്. വെളളൂർക്കുന്നം ട്രാഫിക് സിഗ്നലിൽ വച്ചാണ് പാമ്പാക്കുട സ്വദേശി രാധാകൃഷ്ണന് കടിയേറ്റത്. കടാതി അഹല്യ കണ്ണാശുപത്രിക്ക് സമീപമാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കോട്ടപ്പടി സ്വദേശിനി ദേവികയെ ആക്രമിച്ചത്.

കറുപ്പും വെളുപ്പും കലർന്ന നിറമുള്ള നായയാണ് യാത്രക്കാരെ ആക്രമിച്ചത്. മൂവാറ്റുപുഴ നഗരസഭ 25-ാം വാർഡിൽ ഇതേ നിറമുളള നായ രാവിലെ അലഞ്ഞ് തിരിയുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. നായയെ കണ്ടെത്താനാകാത്തതിനാൽ യാത്രക്കാരും വളർത്തുമൃഗങ്ങളും ഭീഷണിയിലാണ്.