പൈനാപ്പിൾ ശ്രീ സിബി ജോർജ്ജിന്
മൂവാറ്റുപുഴ: സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾ ശ്രീ 2026 അവാർഡ് നേടി ഏനാനെല്ലൂർ സ്വദേശി സിബി ജോർജ്. ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡാണ് യുവ കർഷകനും വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് സ്ഥാപന പാർട്ണറുമായ ഏനാനെല്ലൂർ സ്വദേശി കദളിക്കാട്ടിൽ സിബി ജോർജിന് ലഭിച്ചത്. 400 ഏക്കറിലാണ് സിബി പൈനാപ്പിൾ കൃഷി ചെയ്യുന്നത്. 25 വർഷമായി കാർഷികരംഗത്ത് സജീവമാണ്. കൃഷി ഓഫീസർ ഉൾപ്പെടെയുള്ള സംഘം കൃഷി രീതികൾ വിലയിരുത്തിയാണ് സിബിയെ അവാർഡ് ജേതാവായി തെരഞ്ഞെടുത്തതെന്ന് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കൽ പറഞ്ഞു. പാട്ടത്തിനെടുത്ത 400 ഏക്കറിലെ പൈനാപ്പിൾ കൃഷിക്ക് പുറമേ 75 ഏക്കറിൽ സിബി റമ്പൂട്ടാനും കൃഷി ചെയ്യുന്നുണ്ട്.