ശബരിമലയിൽ ഹെലികോപ്റ്റർ പറത്തിയത് ഗുരുതര സുരക്ഷാ വീഴ്ച: എ.ഡി.ജി.പി

Sunday 26 April 2026 12:00 AM IST

പത്തനംതിട്ട: ശബരിമലയിൽ തീരരക്ഷാസേനയുടെ ചേതക് ഹെലികോപ്റ്റർ പറത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടികാട്ടി എ.ഡി.ജി.പി എസ്.ശ്രീജിത്ത് ശബരിമല സ്‌പെഷ്യൽ കമ്മി​ഷണർക്ക് റിപ്പോർട്ട് നൽകി. തീരരക്ഷാ സേന നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് സ്‌പെഷ്യൽ കമ്മി​ഷണർ ആർ.ജയകൃഷ്ണൻ ഇന്നലെ ഹൈകോടതിയിൽ സമർപ്പിച്ചു. നിലയ്ക്കൽ മുതൽ ശബരിമലവരെ സ്‌പെഷ്യൽ സെക്യൂരിറ്റി സോണായി പരിഗണിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മുൻപ് ശബരിമലയ്ക്ക് മുകളിലൂടെ എയർ ട്രാഫിക് റൂട്ട് ഉണ്ടായിരുന്നു. ശബരിമലയെ പ്രത്യേക സോണായി പ്രഖ്യാപിച്ചതോടെ ഈ റൂട്ട് ഒഴി​വാക്കി​. സ്‌പെഷ്യൽ കമ്മി​ഷണർ നൽകിയ റിപ്പോർട്ട് വേനൽക്കാല അവധിയിൽ പ്രവേശിച്ച കോടതി പി​ന്നീട് പരിഗണിക്കും. കോടതിയുടെ നിർദ്ദേശ പ്രകാരമായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. ഹെലികോപ്റ്ററുമായി ഉദ്യോഗസ്ഥർ വഴിമാറി സഞ്ചരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിൽ തീരരക്ഷാസേനയുടെ ഉന്നത ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.