നടരാജ ഗുരുവിൽ നിന്ന് ബ്രഹ്മദീക്ഷ

Sunday 26 April 2026 12:46 AM IST

തിരുവനന്തപുരം: ഗുരുദേവ ശിഷ്യനായ നടരാജ ഗുരുവിൽ നിന്ന് 1970 ജനുവരി ഒന്നിന് ബ്രഹ്മദീക്ഷ സ്വീകരിച്ചതോടെയാണ് മുനി നാരായണ പ്രസാദിന് ഈ സന്യാസ നാമം ലഭിച്ചത്. എം.എൻ.പ്രസാദ് എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്.

1955ൽ നടരാജഗുരുവിൽ ആകൃഷ്ടനായാണ് അദ്ദേഹം ഗുരുകുലത്തിലെത്തിയത്. സ്‌കൂൾ പഠനത്തിനുശേഷം വക്കത്തെ എം.വി.ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗിൽ പഠനം. തുടർന്ന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ൽ കൊല്ലം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാനായി. ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചതിനുപിന്നാലെ ജോലി രാജിവച്ചു. ഗുരുകുലത്തിലെത്തിയ കാലം മുതൽ പുസ്തക വായന ശീലമായി. അറിയുംതോറും ആഴംകൂടുന്ന ഗുരുവിന്റെ ജ്ഞാന സാഗരത്തിൽ ജീവിതം സമർപ്പിച്ച അദ്ദേഹം ലോകത്തിനു അറിവിന്റെ പുതിയ ലോകം തുറന്നുനൽകി.

1970ൽ പയ്യന്നൂരിനടുത്ത് ഏഴിമലയിൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു. 1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി. നടരാജഗുരുവിന്റെ സമാധി സ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.1973 മുതൽ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം ദാർശനിക മാസികയുടെ പത്രാധിപർ. 1985ൽ ഗുരു നിത്യചൈതന്യ യതിയിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയിൽ മോസ്‌കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മളനത്തിൽ പങ്കെടുത്തു. 1999ൽ ഗുരു നിത്യചൈതന്യയതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനായി.