ഇന്ത്യയിലെ ആറാമത്തെ മികച്ച സർവകലാശാലയായി കെ.ഐ.ഐ.ടി
ഏഷ്യ റാങ്കിംഗ്സ് 2026ൽ കിഴക്കൻ ഇന്ത്യയിൽ ഒന്നാം സ്ഥാനം
ഭുവനേശ്വർ: ടൈംസ് ഹയർ എഡ്യൂക്കേഷൻ (ടി.എച്ച്.ഇ) ഏഷ്യ യൂണിവേഴ്സിറ്റിയുടെ നടപ്പുവർഷത്തെ യൂണിവേഴ്സിറ്റി റാങ്കിംഗിൽ കെ.ഐ.ഐ.ടി ഡീംഡ് ടുബി യൂണിവേഴ്സിറ്റി ആറാം സ്ഥാനം നേടി. രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാശാലകളെ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് പട്ടിക. ഒഡീഷ ഉൾപ്പെടുന്ന കിഴക്കൻ ഇന്ത്യയിലെ സർവകലാശാലകളിൽ കെ.ഐ.ഐ.ടിക്ക് ഒന്നാം സ്ഥാനമാണ്. 2025ലെ പട്ടികയിൽ കെ.ഐ.ഐ.ടി ഇന്ത്യയിൽ എട്ടാമതായിരുന്നു.ടി.എച്ച്.ഇ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗ്സിൽ 36 രാജ്യങ്ങളിലെ 929 സർവകലാശാലകളെ അഞ്ച് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്.
അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ നിരന്തര പരിശ്രമവും പ്രതിബദ്ധതയും അക്കാഡമിക് മികവിന് സഹായിച്ചെന്ന് കെ.ഐ.ഐ.ടിയുടെയും കെ,ഐ,എസ്.എസിന്റെയും സ്ഥാപകനായ ഡോ. അച്യുത സമന്ത പറഞ്ഞു. രാജ്യാന്തര നിലവാരം കൈവരിക്കുന്നതിനും നവീനവൽക്കരണത്തിലുമാണ് കെ.ഐ.ഐ.ടിയുടെ ശ്രദ്ധ, ലോകോത്തര അക്കാഡമിക് അന്തരീക്ഷം സൃഷ്ടിക്കാനായെന്നും ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രമായി കെ.ഐ.ഐ.ടിയെ ശക്തിപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.