പൂരങ്ങളുടെ പൂരം ഇന്ന്
തൃശൂർ: നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെ, കണിമംഗലം ശാസ്താവ് കടന്നുവരുന്നതോടെ ഇന്ന് തൃശൂരിൽ പൂരം പുലരും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശനസുരക്ഷയിലാണ് ആഘോഷം. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.
കണിമംഗലം ശാസ്താവിനു പിന്നാലെ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ 7.30ഓടെ തിരുവമ്പാടി ഭഗവതി പുറപ്പെടും. മഠത്തിലെത്തിയുള്ള ചടങ്ങുകൾക്കുശേഷം 11.30നു മഠത്തിൽ നിന്ന് പുറപ്പെടും. 11ഓടെയാണ് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്. ചെമ്പട മേളത്തോടെ വടക്കുന്നാഥനിലെ ഇലഞ്ഞിത്തറയിലെത്തിയാൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകും. തുടർന്ന് കുടമാറ്റം ആരംഭിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം. രാത്രി പൂരത്തിനുശേഷം തിങ്കളാഴ്ച രാവിലെ പകൽപ്പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയും.