ലക്ഷങ്ങൾ ചെലവിട്ട് കെട്ടിടം ഒരുക്കി; എന്നിട്ടും 'വാടകക്കെട്ടിടം' തേടി പഞ്ചായത്ത്
ശാസ്‌താംകോട്ട : മൈനാഗപ്പള്ളി പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ മെറ്റീരിയൽ കളക്ഷൻ സെന്ററിനായി (എം.സി.എഫ്) ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥിരം സംവിധാനം ഒരുക്കിയിട്ടും, വീണ്ടും സ്വകാര്യ കെട്ടിടം വാടകയ്ക്കെടുക്കാൻ നീക്കം നടത്തുന്നതായി പരാതി. പഞ്ചായത്തിന്റെ ഈ നടപടി മൂലം പ്രതിവർഷം ലക്ഷക്കണക്കിന് രൂപ ഖജനാവിന് നഷ്ടമുണ്ടാകുന്നു എന്നാണ് ആക്ഷേപം.
അപകടഭീഷണിയിൽ നിലവിലെ പ്രവർത്തനം
നിലവിൽ കുറ്റിയിൽ മുക്കിന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ പഴയ കശുഅണ്ടി ഫാക്ടറി കെട്ടിടത്തിലാണ് എം.സി.എഫ് പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ഇവിടെ സൗകര്യമില്ല. അടുത്തിടെ സമീപത്തെ ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചതിനെ തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ എം.സി.എഫ് ഇവിടെ നിന്ന് അടിയന്തരമായി മാറ്റണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
സൗകര്യങ്ങളുണ്ടായിട്ടും അവഗണന
ശുചിത്വ മിഷന്റെ 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ എം.സി.എഫിനായി എല്ലാവിധ സൗകര്യങ്ങളും നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കിന് താഴെ ഫാൻ, ലൈറ്റ്, ശുചിമുറി എന്നിവയടക്കം ആധുനികമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഈ കെട്ടിടം പ്രയോജനപ്പെടുത്താതെ വീണ്ടും വാടകക്കെട്ടിടം തേടുന്നത് ദുരൂഹമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രതിഷേധം തെറ്റിദ്ധാരണ മൂലം
മാർക്കറ്റിലെ പുതിയ കെട്ടിടത്തിൽ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ആദ്യഘട്ടത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. എന്നാൽ പ്ലാസ്റ്റിക് തരംതിരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നതെന്നിരിക്കെ, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി എം.സി.എഫ് ഇവിടേക്ക് മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടം വെറുതെയിടുന്നത് സർക്കാർ പണം പാഴാക്കുന്നതിന് തുല്യമാണെന്നും ആരോപണമുണ്ട്.