താലൂക്ക് ആശുപത്രിയുടെ ഭൂമി കയ്യേറുന്നത് തടഞ്ഞു
Sunday 26 April 2026 12:28 AM IST
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഭൂമി കയ്യേറാനുള്ള ശ്രമം തടഞ്ഞു. ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്ന ഭാഗത്താണ് സമീപ ഭൂമിയുടെ ഉടമ കയ്യേറ്റം നടത്തിയത്. ഇദ്ദേഹത്തിന്റെ ഭൂമി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുന്നതിനൊപ്പം ആശുപത്രിയുടെ ഭൂമികൂടി നിരപ്പാക്കി. ഒരടി വിസ്തൃതിയിൽ കയ്യേറ്റം നടത്തുകയും കൽക്കെട്ട് ഇടിച്ച് തള്ളുകയും ചെയ്തു. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാറും സംഘവും സ്ഥലത്തെത്തി. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെയും പൊലീസിനെയും വരുത്തി ഭൂമി കയ്യേറിയ നിരപ്പാക്കൽ പ്രവർത്തനങ്ങൾ നിറുത്തിവയ്പ്പിച്ചു. ഇവിടം അളന്ന് തിട്ടപ്പെടുത്തി അതിർത്തി സ്ഥാപിക്കും. നിയമ നടപടി കൈക്കൊള്ളാനും നഗരസഭ ചെയർപേഴ്സൺ നിർദ്ദേശം നൽകി.