വനം വകുപ്പിന്റെ ക്യാമറയിൽ വീണ്ടും പതിഞ്ഞ് കടുവ ജാഗ്രതയോടെ വനം വകുപ്പ് ആശങ്കയിൽ നാട്ടുകാർ

Sunday 26 April 2026 12:34 AM IST
കടുവ

പനമരം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മീനങ്ങാടി ഒരപ്പ് ഭാഗത്ത് ആശങ്കയായി ജനവാസ മേഖലയിൽ കടുവ തുടരുന്നു. കടുവയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്. ഒരപ്പ് പുത്തൻ വീട് എസ്റ്റേറ്റിൽ കടുവ ഉള്ളതായാണ് വനംവകുപ്പിന്റെ നിഗമനം. കണിയാമ്പറ്റ മീനങ്ങാടി ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഒരൊപ്പ് വയലിലും സമീപപ്രദേശങ്ങളിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ശനിയാഴ്ചയും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ ആയിട്ടില്ല. അതേസമയം ശനിയാഴ്ചയും നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. രണ്ടു ദിവസവും പ്രദേശത്ത് കടുവ എത്തിയിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ ഈ ഭാഗത്ത് വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുളം റെയിഞ്ച് ഓഫീസർ ഗ്രേഡ് കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫീസർ പി.വി സുന്ദരേശൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ കാടു മൂടി കിടക്കുന്ന എസ്റ്റേറ്റുകളിൽ കാട് വെട്ടുന്ന പ്രവൃത്തി ആരംഭിച്ചു. ഈ ഭാഗത്ത് കടുവ തമ്പടിക്കുന്നതാണ് സംശയം. 10 ഏക്കർ വരുന്ന ഒരു എസ്റ്റേറ്റ് ഹിറ്റാച്ചി ഉപയോഗിച്ച് കാടു നീക്കം ചെയ്തു. കാടു കൂടിയ മറ്റ് തോട്ടങ്ങളിൽ ഉടൻ കാടുവെട്ടി നീക്കണമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. .