പ്ലാനുണ്ട്, എവിടെ പാർക്കിംഗ് പ്ലാസ ?
കോഴിക്കോട്: നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മിഠായിത്തെരുവിന് സമീപം സത്രം ബിൽഡിംഗ് പൊളിച്ചുനീക്കിയിട്ട് നാല് വർഷം. വാഗ്ദാനം ചെയ്യപ്പെട്ട ആധുനിക പാർക്കിംഗ് പ്ലാസയുടെ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. 2022-ൽ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ 2023-ൽ പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി അനിശ്ചിതമായി നീളുകയാണ്. മുൻകാലങ്ങളിൽ സത്രം ബിൽഡിംഗിലെ കെടിഡിസി ഹോട്ടലിൽ നിന്നും മറ്റ് കടകളിൽ നിന്നുമായി പ്രതിവർഷം മുപ്പത് ലക്ഷത്തോളം രൂപയാണ് കോർപ്പറേഷന് വാടകയായി ലഭിച്ചിരുന്നത്. കെട്ടിടം പൊളിച്ചതോടെ ഈ വരുമാനം നിലച്ചു.നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുമ്പോൾ, കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് സൗജന്യ പാർക്കിംഗ് നടക്കുന്നത്.
തലവേദനയായി മാലിന്യവും
വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും സ്വകാര്യ വ്യക്തികളുടെ തെരുവുകച്ചവടവുമാണ് ഇവിടെയുള്ളത്. നിർമ്മാണം വൈകുന്നതിനൊപ്പം പ്രദേശം മാലിന്യക്കൂമ്പാരമായി മാറുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കരാറുകാർ കെട്ടിട അവശിഷ്ടങ്ങൾക്കൊപ്പം മാലിന്യം തള്ളിയതിന് പിന്നാലെ സമീപത്തെ വ്യാപാരികളും ഇവിടെ മാലിന്യം നിക്ഷേപിച്ചു തുടങ്ങിയതോടെ നഗരത്തിലെ പ്രധാനപ്പെട്ട ഈ പ്രദേശം പൂർണ്ണമായും ഉപയോഗശൂന്യമായി മാറി.
30 കോടി രൂപ ചെലവിൽ 920 ചതുരശ്ര മീറ്റർ സ്ഥലത്ത് നിർമ്മിക്കുന്ന പ്ലാസ യാഥാർത്ഥ്യമായാൽ 320 കാറുകൾക്കും 184 ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യം ലഭിക്കും. മിഠായിത്തെരുവ് നവീകരണത്തിന് ശേഷം നേരിടുന്ന രൂക്ഷമായ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകേണ്ട പദ്ധതിയാണിത്. കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരെ കഴിഞ്ഞ ദിവസം മിഠായിത്തെരുവ് വ്യാപാരികൾ യോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
"പാർക്കിംഗ് പ്ലാസയുടെ നിർമ്മാണം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഞങ്ങളുടെ തീരുമാനം"
സി.പി. അബ്ദുറഹ്മാൻ, മിഠായിത്തെരുവ് വ്യാപാരി വ്യവസായി കൺവീനർ