വൈഭവിന്റെ സെഞ്ച്വറി പാഴായി; ജയ്പൂരിൽ രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിന് ഗംഭീര ജയം

Sunday 26 April 2026 12:01 AM IST

ജയ്പൂർ: ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാൻ ഉയർത്തിയ 229 എന്ന കൂറ്റൻ സ്‌കോർ സൺറൈസേഴ്സ് 18.3 ഓവറിലാണ് മറികടന്നത്. വൈഭവ് സൂര്യവംശിയുടെ റെക്കാഡ് സെഞ്ച്വറിക്കും രാജസ്ഥാനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. അഭിഷേക് ശ‌ർമയുടെയും ഇഷാൻ കിഷന്റെയും അർദ്ധസെഞ്ച്വറികളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. വെറും 36 പന്തിൽ നിന്നാണ് വൈഭവ് തന്റെ സെഞ്ച്വറി പൂർത്തിയാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ 40 പന്തിൽ താഴെ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കാാഡും വൈഭവ് സ്വന്തമാക്കി. ധ്രുവ് ജുറേലുമായി ചേർന്ന് തകർപ്പൻ കൂട്ടുകെട്ടാണ് താരം കാഴ്ചവച്ചത്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് വേണ്ടി ഓപ്പണർമാരായ ഇഷാൻ കിഷനും അഭിഷേക് ശർമ്മയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും അർദ്ധസെഞ്ച്വറികൾ നേടി ടീമിനെ വിജയത്തോടടുപ്പിച്ചു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡോണോവൻ ഫെരേര ഒരു വിക്കറ്റ് നേടി. അർദ്ധസെഞ്ച്വറിക്ക് പിന്നാലെ ഓപ്പണർമാർ പുറത്തായെങ്കിലും മദ്ധ്യനിര പതറാതെ കളിച്ചതോടെ സൺറൈസേഴ്സ് അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ (6) നഷ്ടമായിട്ടും തളരാതെ പോരാടുന്ന ഹൈദരാബാദിനെയാണ് ജയ്പൂരിൽ കണ്ടത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷനും അഭിഷേക് ശർമയും ചേർന്ന് രാജസ്ഥാൻ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾ പായിച്ച ഇരുവരും ചേർന്ന് പവർപ്ലേയിൽ ടീം സ്‌കോർ 89ൽ എത്തിച്ചു. ഇരുവരും അർദ്ധസെഞ്ചുറികളുമായി കളം നിറഞ്ഞതോടെ ഹൈദരാബാദ് അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. 29 പന്തിൽ നിന്ന് 57 റൺസെടുത്ത അഭിഷേക് പുറത്താകുമ്പോഴേക്കും സൺറൈസേഴ്സ് മികച്ച നിലയിലായിരുന്നു. പത്തോവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസിസിലേക്ക് ഹൈദരാബാദ് കുതിച്ചെത്തിയിരുന്നു.

അഭിഷേകിന് പിന്നാലെ ഇഷാൻ കിഷനും (31 പന്തിൽ 74) പുറത്തായതോടെ രാജസ്ഥാൻ നേരിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ആ പ്രതീക്ഷകൾ തല്ലിക്കെടുത്തി. തുടക്കത്തിൽ കരുതലോടെ കളിച്ച സഖ്യം ഹൈദരാബാദ് ഇന്നിംഗ്സിന് കരുത്തുപകർന്നു. 16 ഓവർ പിന്നിടുമ്പോൾ 193 റൺസെന്ന ശക്തമായ നിലയിലേക്ക് ടീമിനെ ഇവർ എത്തിച്ചിരുന്നു. വിജയത്തിന് തൊട്ടരികെ നിൽക്കുമ്പോഴാണ് നിതീഷ് കുമാറും (18 പന്തിൽ 36) ക്ലാസനും (24 പന്തിൽ 29) വീണത്. അപ്പോഴേക്കും ഹൈദരാബാദ് വിജയം ഉറപ്പിച്ചിരുന്നു. ഒടുവിൽ പത്തു പന്തുകൾ ബാക്കിനിൽക്കെ, 18.3 ഓവറിൽ സൺറൈസേഴ്സ് ലക്ഷ്യം കാണുകയായിരുന്നു.